വെളിച്ചെണ്ണയിൽ തയാറാക്കിയ, കടിക്കുമ്പോൾ കറുമുറെ എന്ന ശബ്ദമുണ്ടാക്കുന്ന കായ വറുത്തത് എല്ലാവർക്കും ഇഷ്‍ടമാണ്. കായ മാത്രമല്ല, കപ്പയും, ചക്കയും വറുത്തെടുത്ത് സൂക്ഷിക്കുന്ന പതിവും പലർക്കുമുണ്ട്. അതുപോലെ തന്നെ ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവയും ചിപ്സാക്കി സൂക്ഷിക്കാം. എന്തേ സംശയമുണ്ടോ ? മസാല ചേർത്ത സ്പൈസി ആയിട്ടുള്ള ആപ്പിൾ ചിപ്സ് ഒരു അമേരിക്കൻ സ്പെഷ്യൽ റെസിപ്പിയാണ്. ചായക്കൊപ്പം കഴിക്കാൻ പറ്റിയ സ്നാക്കാണിത്. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
ആപ്പിൾ- 4
പഞ്ചസാര- 3
ഉപ്പ്- ആവശ്യത്തിന്
കറുവാപ്പട്ട പൊടിച്ചത്- 2 ടീസ്പൂൺ
ഒലിവ് ഓയിൽ- 1 കപ്പ്
കുരുമുളകുപൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, പഞ്ചസാര എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. നാല് ആപ്പിൾ നന്നായി കഴുകി തുടയ്ക്കാം. അത് കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം. ആപ്പിൾ കഷ്ണത്തിനു മുകളിലായി കറുവാപ്പട്ട പൊടിച്ചതു തൂവി കൊടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ചേർക്കാം. എണ്ണ ചൂടാകുമ്പോൾ ഇടത്തരം തീയിൽ ആപ്പിൾ കഷ്ണങ്ങൾ അതിലേയ്ക്കു ചേർക്കാം. ശേഷം വറുത്തെടുക്കാം. കട്ടി കുറവായതിനാൽ അധിക സമയം എണ്ണയിൽ വെയ്‌ക്കേണ്ട. വറുത്തെടുത്ത ആപ്പിൾ വൃത്തിയുള്ള വെള്ള മയമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം കഴിക്കാം.