Recipe

മുരിങ്ങക്കായ ബിരിയാണി തയാറാക്കി നോക്കിയാലോ ? | drumstick biriyani recipe

സാമ്പാറിലും, അവിയലിലും മാത്രം കണ്ടു വരുന്ന മുരിങ്ങക്കായ ആണ് ഇവിടെ താരം

ഹോട്ടലിൽ കയറി ചെന്നാൽ, മെനു കാർഡ് തിരിച്ചും മറിച്ചും പല തവണ നോക്കിയിട്ട് ബിരിയാണി വാങ്ങി കഴിക്കുന്നവരെ കണ്ടിട്ടില്ലേ ? പല ബിരിയാണികളും ട്രൈ ചെയ്ത് നോക്കിയവരാകും നിങ്ങൾ. എന്നാൽ വെജിറ്റബിൾ ബിരിയാണി ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? വെറും വെജിറ്റബിൾ ബിരിയാണി അല്ല, നല്ല കിടിലൻ മുരിങ്ങക്കായ ബിരിയാണി. സാമ്പാറിലും, അവിയലിലും മാത്രം കണ്ടു വരുന്ന മുരിങ്ങക്കായ ആണ് ഇവിടെ താരം.

ചേരുവകൾ

ബിരിയാണി അരി- ആവശ്യത്തിന്
മുരിങ്ങക്കായ
കട്ടത്തൈര്- 2 കപ്പ്
നാരങ്ങാനീര് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
മുളകുപൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 5 എണ്ണം
സവാള- 3
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തക്കാളി- 3 എണ്ണം
തേങ്ങാപ്പാൽ- 1 കപ്പ്
പട്ട- ആവശ്യത്തിന്
തക്കോലം- ആവശ്യത്തിന്
ഗ്രാമ്പൂ- ആവശ്യത്തിന്
പെരുംജീരകം- ആവശ്യത്തിന്
ചെറിയ ജീരകം- ആവശ്യത്തിന്
ഏലയ്ക്ക- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുരിങ്ങക്കായ ക്ലീൻ ചെയ്തെടുക്കുക. ഇതിലേക്ക് കട്ടത്തൈര്, നാരങ്ങാനീര്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കാം. പാനിൽ നെയ്യ് ഒഴിച്ച് പട്ട, തക്കോലം, ഗ്രാമ്പൂ, പെരുംജീരകം, ചെറിയ ജീരകം, ഏലം എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് സവാള, പച്ച മുളക് എന്നിവ ചേർക്കുക. ശേഷം കറിവേപ്പില, മല്ലിയില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. നാരങ്ങയുടെ നീരും ഉപ്പും അൽപ്പം തൈരും ചേർക്കുക. ഇതിലേക്ക് മസാലപുരട്ടി വച്ച മുരിങ്ങക്കോൽ ചേർക്കാം. വെന്തുവരുമ്പോൾ ഒരു കപ്പ് തേങ്ങപ്പാൽ ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് വേവിച്ചുവച്ച ബിരിയാണി അരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വച്ച് വേവിക്കാം. ശേഷം ചൂടോടെ തന്നെ വിളമ്പി കഴിച്ചു നോക്കൂ.