പന്നിയിൽ നിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും ആരോഗ്യത്തിന് ആവശ്യമായ വിവിധ വൈറ്റമിനുകളും പന്നിയിറച്ചിയിൽ അടങ്ങിയിരിക്കുന്നു. ധാരാളം കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ കഴിക്കാൻ ചിലരെങ്കിലും മടിക്കുന്ന ഒന്നാണ് പോർക്ക്. എന്നാൽ നന്നായി വേവിച്ച് വരട്ടിയെടുത്താൽ പോർക്കിനോളം രുചി മറ്റൊന്നിനും ഇല്ല. ഇന്ന് അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് ആയാലോ ?
ചേരുവകൾ
പോർക്ക്
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
തേങ്ങ
വെള്ളം
വെളിച്ചെണ്ണ
പെരും ജീരകം
ചുവന്നുള്ളി
ഗരംമസാല
കുരുമുളക്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വെച്ചിരിക്കുന്ന പോർക്കിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി അരച്ചത്, രണ്ട് ടേബിൾസ്പൂൺ വെളുത്തുള്ളി അരച്ചത്, ഒരു ടേബിൾസ്പൂൺ പച്ചമുളക് അരച്ചത്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് എന്നിവയോടൊപ്പം അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കി അടുപ്പിൽ വെച്ച് വേവിക്കുക. മറ്റൊരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അര ടേബിൾസ്പൂൺ പെരുംജീരകം ചേർത്തിളക്കാം.
രണ്ട് കപ്പ് ചുവന്നുള്ളി, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് വേവിച്ച പോർക്ക് കൂടി ചേർത്ത് നന്നായി വരട്ടിയെടുക്കാം. ഒരു ടീസ്പൂൺ ഗരംമസാലയും, രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തളിക്കി അടുപ്പിൽ നിന്നും മാറ്റി ചൂടോടെ കഴിച്ചു നോക്കൂ.