കുട്ടികള്‍ക്ക് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് പിസ്സ. പക്ഷേ എന്നും പുറത്ത് പോയി കഴിക്കാൻ തുടങ്ങിയാൽ പണി കിട്ടും. ഇനി വീട്ടിൽ ഉണ്ടാക്കാം എന്ന് വച്ചാൽ ഓവൻ ഇല്ലല്ലോ ? അതുകൊണ്ട് അടുക്കളയിൽ ബാക്കി ഇരിക്കുന്ന കുറച്ച് പച്ചക്കറികളും മറ്റും കൊണ്ട് ഓവനില്ലാതെ തന്നെ പിസ്സ വീട്ടിൽ തയാറാക്കാം, അതും ഹെൽത്തിയായി.
ചേരുവകൾ
ചെറുപയർ പരിപ്പ്
തൈര്
പച്ചമുളക്
വെള്ളം
ഉപ്പ്
ബേക്കിങ് പൗഡർ
ഒലിവ് എണ്ണ
തക്കാളി സോസ്
ചീസ്
ലഭ്യമായ പച്ചക്കറികൾ
മഞ്ഞൾപ്പൊടി
പച്ചമുളക്
തയ്യാറാക്കുന്ന വിധം
ഒന്നര കപ്പ് ചെറുപയർ പരിപ്പ് വെള്ളത്തിൽ കുതിർത്തു വെച്ചതിലേയ്ക്ക് ഒരു കപ്പ് തൈര്, മൂന്ന് പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇൻസ്റ്റൻ്റ് ആയിട്ട് തയ്യാറാക്കാൻ ആണെങ്കിൽ കുറച്ച് ബേക്കിങ് പൗഡർ ചേർത്തിളക്കി മാവ് കുറച്ച് സമയം മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ലഭ്യമായ പച്ചക്കറികൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർത്തു വഴറ്റാം. പനീർ ഉണ്ടെങ്കിൽ അതും ഒപ്പം ചേർത്തു വേവിക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കുക.ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് മാറ്റി വെച്ചിരിക്കുന്ന മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ഇരു വശങ്ങളും വേവിക്കാം. അൽപം തക്കാളി സോസ് അല്ലെങ്കിൽ പിസ്സ സോസ് ലഭ്യമെങ്കിൽ അത് പുരട്ടാം. ഇതിനു മുകളിലായി വേവിച്ച പച്ചക്കറികൾ ചേർക്കാം. അൽപ്പം ചീസ് ഗ്രേറ്റ് ചെയ്തത്, കുറച്ച് വറ്റൽമുളക് ചതച്ചത് എന്നിവ ചേർത്ത് അടച്ച് വെച്ച് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം.