Kerala

പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളായി കേന്ദ്ര മന്ത്രിമാർ അധഃപതിക്കരുത്, കേരളത്തെ അപമാനിച്ച ജോർജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: വി ഡി സതീശൻ

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയിലൂടെ സംസ്ഥാനത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിൻ്റെ നേട്ടങ്ങളിൽ ബിജെപിക്കും സംഘപരിവാറിനും എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളായി കേന്ദ്ര മന്ത്രിമാർ അധഃപതിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘപരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘപരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത് എന്നും വി ഡി സതീശൻ ഓർമ്മിപ്പിച്ചു.

ജോര്‍ജ് കുര്യന്‍ പറഞ്ഞത്

‘‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാൽ അതു കമ്മിഷൻ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.’’ – ജോർജ് കുര്യൻ പറഞ്ഞു.