Kerala

സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തത്, രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ: മന്ത്രി ഒ ആർ കേളു

ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഒ ആർ കേളു. സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണ്. രാഷ്ട്രപതി ദ്രൗ​പ​ദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ല. രാജ്യത്തെ ആരും ഇതൊന്നും മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധിപ്പേരാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തുന്നത്. ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.