Kerala

നവീൻ ബാബുവിന്റെ മരണത്തിന് കാരണം പി പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമർശം; എം വി ജയരാജൻ

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി.

പിപി ദിവ്യ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗം ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ദിവ്യയെ അനുകൂലിച്ചും എതിർത്തും സമ്മേളനത്തിൽ ചർച്ചയുണ്ടായി. റിമാൻഡിൽ കഴിയുന്നതിനിടെ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പൊലീസും പാർട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമർശനം ഉയര്‍ന്നു.

എന്നാൽ, ഉപതിരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ജില്ലാ സമ്മേളനത്തിൽ ഉയര്‍ന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട് സമ്മർദ്ദം വർദ്ധിപ്പിച്ചെന്ന് പ്രതിനിധികൾ വ്യക്തമാക്കി.