കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും തീരുവ ചുമത്താനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഒപ്പുവച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ താരിഫ് ഏര്‍പ്പെടുത്തിയതായി ശനിയാഴ്ച രാത്രി പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇതിനുള്ള കാരണം വിശദീകരിച്ച് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍സ് ആക്ട് (ഐഇഇപിഎ) വഴിയാണ് ഈ തീരുമാനമെടുത്തതെന്ന് ട്രംപ് എഴുതി. ‘കാരണം, നമ്മുടെ പൗരന്മാര്‍ക്ക് അനധികൃത വിദേശികളുടെ ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ‘ഫെന്റാലിനും മറ്റ് മാരകമായ മരുന്നുകളും നമ്മുടെ പൗരന്മാരെ കൊല്ലുകയാണ്. ഞങ്ങള്‍ക്ക് അമേരിക്കക്കാരെ സംരക്ഷിക്കേണ്ടതുണ്ട്, പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്. നമ്മുടെ അതിര്‍ത്തികളിലുടനീളം അനധികൃത വിദേശികളുടെയും മയക്കുമരുന്നുകളുടെയും പ്രളയം തടയുമെന്ന് ഞാന്‍ എന്റെ കാമ്പെയ്‌നില്‍ വാഗ്ദാനം ചെയ്തു, അമേരിക്കക്കാര്‍ അതിന് വന്‍തോതില്‍ വോട്ട് ചെയ്തുവെന്നും അദ്ദേഹം എഴുതി. ട്രെംപിന്റെ നടപടിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്നത്. ട്രെംപിന്റെ മിന്നല്‍ നടപടിയ്‌ക്കെതിരെ മറുപടി നല്‍കി മൂന്നു രാജ്യങ്ങളും.
കാനഡയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കാനഡ തയ്യാറാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഫെബ്രുവരി 4 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മിക്ക കനേഡിയന്‍ സാധനങ്ങള്‍ക്കും 25 ശതമാനം താരിഫുകളും ഊര്‍ജത്തിന് 10 ശതമാനം താരിഫുകളും ചുമത്താന്‍ ഉദ്ദേശിക്കുന്നതായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്ഥിരീകരിച്ചുവെന്ന് ട്രൂഡോ എഴുതി. ഞാന്‍ ഇന്ന് പ്രധാന മന്ത്രിമാരുമായും ഞങ്ങളുടെ കാബിനറ്റുമായും കൂടിക്കാഴ്ച നടത്തി, മെക്‌സിക്കോയിലെ പ്രസിഡന്റ് ഷെയിന്‍ബോമുമായി ഞാന്‍ ഉടന്‍ സംസാരിക്കും. ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ താരിഫുകള്‍ക്ക് മറുപടിയായി കാനഡയും സ്വന്തം താരിഫുകള്‍ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കക്കാരുമായി നേരിട്ട് സംസാരിക്കണമെന്ന് ട്രൂഡോ പറഞ്ഞു. ഈ തീരുമാനം വിലയെയും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 155 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രൂഡോ പറഞ്ഞു. കനേഡിയന്‍ കമ്പനികള്‍ക്ക് സമയം നല്‍കുന്നതിനായി, ചൊവ്വാഴ്ച മുതല്‍ 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളില്‍ ഈ താരിഫ് നടപ്പിലാക്കുമെന്നും അടുത്ത 21 ദിവസത്തിനുള്ളില്‍ 125 ബില്യണ്‍ ഡോളറിന്റെ ശേഷിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെക്‌സിക്കോയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫിനെതിരെ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും പ്രതികരിച്ചു. അമേരിക്കയ്‌ക്കെതിരെ താരിഫ് ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളും ഞങ്ങള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ബി നടപ്പിലാക്കാന്‍ ഞാന്‍ സാമ്പത്തിക സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നു. ഇതില്‍ മെക്‌സിക്കോയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട താരിഫ്, നോണ്‍താരിഫ് നടപടികള്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസിഡന്റ് ഷെയിന്‍ബോം പറഞ്ഞു. എന്നാല്‍, ഇവ എന്തായിരിക്കുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
ചൈനയ്ക്ക് മേല്‍ 10 ശതമാനം തീരുവ ചുമത്താനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ ചൈനയുടെ വാണിജ്യ മന്ത്രാലയവും ഇതിനോട് പ്രതികരിച്ചു, ഈ നടപടിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ നീക്കത്തില്‍ ചൈന പൂര്‍ണമായും അതൃപ്തരാണെന്നും ശക്തമായി എതിര്‍ക്കുന്നതായും ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അതില്‍ പറയുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര സഹകരണത്തിന് ഇത്തരം നടപടികള്‍ ഹാനികരമാണെന്ന് ചൈന പറഞ്ഞു. അമേരിക്കയുടെ തെറ്റായ പെരുമാറ്റ’ത്തിനെതിരെ ചൈന ഇപ്പോള്‍ ലോക വ്യാപാര സംഘടനയില്‍ ഒരു കേസ് ഫയല്‍ ചെയ്യും, അതിന്റെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രതികാര നടപടികള്‍ സ്വീകരിക്കും. പരസ്പര പ്രയോജനം, ബഹുമാനം, സമത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നതകള്‍ മറികടക്കാനും പരസ്പര സഹകരണം ശക്തിപ്പെടുത്താനും പ്രവര്‍ത്തിക്കണമെന്ന് ചൈന യുഎസിനോട് ആവശ്യപ്പെട്ടു. താരിഫ് വിഷയത്തില്‍ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയില്‍ ചൈനയുടെ വാണിജ്യ മന്ത്രാലയ വക്താവ് ഹെ യാഡോങ്ങിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു.