കുപ്രസിദ്ധ കടന്നലിനമായ മർഡർ ഹോണറ്റുകളെ തങ്ങളുടെ രാജ്യത്തുനിന്ന് നിർമാർജനം ചെയ്തതായി യുഎസ് അധികൃതർ അറിയിച്ചു. 5 വർഷം മുൻപ് യുഎസിലെ വടക്കുപടിഞ്ഞാറൻ പസിഫിക് തീരത്തോടടുത്ത ചില സ്ഥലങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. ചില്ലറക്കാരനല്ല കൊലയാളിക്കടന്നൽ അഥവാ മർഡർ ഹോണറ്റ്. മനുഷ്യനെ വരെ തന്റെ കുത്തുകളാൽ കൊലപ്പെടുത്താൻ കഴിയുന്ന കടന്നലുകളിലെ കൊടുംഭീകരനാണ് ഇത്. മനുഷ്യരെ വരെ കൊല്ലുന്നവയെന്നു പേരുകേട്ട ഈ കടന്നലുകളെ പിടികൂടാനും എന്നന്നേക്കുമായി നശിപ്പിക്കാനുമുള്ള വാഷിങ്ടൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ ശ്രമങ്ങൾ കോർത്തിണക്കി ‘അറ്റാക്ക് ഓഫ് ദ മർഡർ ഹോണറ്റ്’ എന്ന ഒരു വിഡിയോ ഡോക്യുമെന്ററി ഇതിനിടെ പുറത്തിറങ്ങിയിരുന്നു. വാഷിങ്ടൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറാണ് കൊലയാളിക്കടന്നലുകളെ പൂർണമായും തുരത്തിയെന്ന വാർത്ത പുറത്തുവിട്ടത്.
ഏഷ്യൻ ജയന്റ് ഹോണറ്റ് എന്നാണ് കൊലയാളിക്കടന്നലുകളുടെ യഥാർഥ നാമം. കടന്നലുകളിൽ വച്ചു തന്നെ ഏറ്റവും വലുപ്പമേറിയ ഇനമായ ഇവ (4 സെന്റിമീറ്ററാണ് ഇവയുടെ നീളം) പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ചൈന, ജപ്പാൻ മേഖലകളിൽ നിന്നുള്ളവയാണ്. ഈ മേഖലകളിൽ നിന്നുള്ള ചരക്കുവിമാനങ്ങളിൽ കയറിപ്പറ്റി ഇവ കാനഡയിലും യുഎസിലും എത്തിയെന്നാണു കരുതുന്നത്. മനുഷ്യനെ കുത്തി കൊലപ്പെടുത്താൻ ഇവയ്ക്കു കഴിയും. ജപ്പാനിൽ പ്രതിവർഷം 30 പേർ ഈ കടന്നലുകളുടെ കുത്തേറ്റ് കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. വെട്ടുക്കിളികൾ ആക്രമിക്കുന്ന പാടശേഖരം പോലെയാണ് കൊലയാളിക്കടന്നലുകൾ ആക്രമിക്കുന്ന തേനീച്ചക്കൂടുകൾ. മിനിറ്റുകൾക്കുള്ളിൽ പതിനായിരക്കണക്കിന് തേനീച്ചകളെ ഇവ വലിച്ചുകീറി കൊന്നുകളയും. 2000 കോടി ഡോളറിന്റെ വ്യവസായമാണ് യുഎസിൽ തേനീച്ച വളർത്തലും തേനുൽപാദനവും. മാത്രമല്ല, പല ചെടികളുടെയും വിളകളുടെയും പരാഗണത്തിൽ തേനീച്ചകൾ വലിയ പ്രകൃതിപരമായ പങ്കുവഹിക്കുന്നുണ്ട്.
കൊലയാളിക്കടന്നലുകൾ പെരുകിയാൽ ഈ സന്തുലിതാവസ്ഥയ്ക്ക് കനത്തനാശമാകും സംഭവിക്കുക. അതിനാൽ തന്നെ ഇവയെ നിർമാർജനം ചെയ്തത് തേനീച്ച കർഷകർക്ക് വലിയ ആശ്വാസമാണ്.മൂന്നിഞ്ചോളം ചിറകിനു വിസ്തീർണവും കറുപ്പും മഞ്ഞയും വരകളുള്ള വയറും മഞ്ഞനിറത്തിലുള്ള തലയുമുള്ള കൊലയാളിക്കടന്നലുകളെ കണ്ടാൽ പല്ലപ്പോഴും വലിയ ഈച്ചകളാണെന്നു തോന്നും. തേനീച്ചകളുടെ പോലെ തന്നെയുള്ള സാമൂഹിക ജീവിതക്രമമാണ് കൊലയാളിക്കടന്നലുകളുടേതും. ഒരു റാണിയെ അധിഷ്ഠിതമാക്കിയുള്ള ജീവിതം. വംശത്തിന്റെ എല്ലാ പ്രജനനവും നടക്കുന്നത് റാണിയിൽ നിന്നു തന്നെയാണ് അതിനാൽ തന്നെ റാണിയെ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ഇവയെ ചെറുക്കാനുള്ള പ്രധാന തന്ത്രം. ഇൻവേസീവ് സ്പീഷീസ് അഥവാ അധിനിവേശ ജീവി വർഗം എന്ന പരിസ്ഥിതി പ്രശ്നത്തിന്റെ ഏറ്റവും രൂക്ഷമായ ഉദാഹരണങ്ങളിലൊന്നാണ് കൊലയാളിക്കടന്നലുകൾ.
STORY HIGHLIGHTS: asian-giant-hornets-eliminated