Kerala

മിഹിർ അഹമ്മദിന്റെ മരണം: നാളെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിറ്റിംഗ്; ബന്ധുക്കളും സ്കൂൾ അധികൃതരും ഹാജരാകാൻ നിർദേശം |

ശുചിമുറിയിലെ ടോയ്‍ലെറ്റ് സീറ്റിൽ കുട്ടിയുടെ മുഖംവെച്ച് ഫ്ലഷ് ചെയ്തെന്ന വിവരമടക്കം സ്ക്രീൻ ഷോട്ടുകളിലുണ്ട്

കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി റാഗിംഗിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തും. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും നാളെ കളക്ടറേറ്റിൽ ഹാജരാകാൻ നിർദ്ദേശം നൽകി.

ജനുവരി 15 നാണ് മിഹിർ എന്ന 15 വയസ്സുകാരൻ തൃപ്പൂണിത്തുറ ഫ്ലാറ്റിലെ 27 -ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. മകന്റെ മരണശേഷം കുടുംബത്തിന് സുഹൃത്തുക്കളിൽ ചിലർ കൈമാറിയ സ്ക്രീൻ ഷോട്ടിൽ നിന്നാണ് ക്രൂരമായ പീഡനത്തിന്റെ ചുരുൾ അഴിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം കുട്ടി ഏറ്റു വാങ്ങിയെന്ന് കുടുംബം പരാതിയിൽ പറയുന്നു.

ശുചിമുറിയിലെ ടോയ്‍ലെറ്റ് സീറ്റിൽ കുട്ടിയുടെ മുഖംവെച്ച് ഫ്ലഷ് ചെയ്തെന്ന വിവരമടക്കം സ്ക്രീൻ ഷോട്ടുകളിലുണ്ട്. മിഹിറിനെ അവഹേളിക്കുന്ന രീതിയിൽ വാക്കുകളും പ്രയോഗങ്ങളുമാണ് മരണവിവരം അറിഞ്ഞ ശേഷവും ചില കുട്ടികൾ ഉപയോഗിച്ചത്. ഈ സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് കുടുംബത്തിന്റെ പരാതി. നേരത്തെ കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ അസ്വഭാവിക മരണത്തിനാണ് ഹിൽ പാലസ് പൊലീസ് കേസെടുത്തത്.  വിഷയത്തിൽ കുടുംബം സ്കൂളിലെ ബന്ധപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം നിഷേധിക്കുന്നതായിരുന്നു മറുപടി.

അതേ സമയം സ്കളിൽ മിഹിർ മുഹമ്മദ് റാഗിങ്ങിന് ഇരയായി എന്ന കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. മിഹിറിന്‍റെ മരണത്തിന് പിന്നാലെ സഹപാഠികൾ നിർമ്മിച്ച ചാറ്റുകൾ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവിൽ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്.  അതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. റാഗ് ചെയ്തുവെന്ന് പറയുന്ന വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ആരെന്നതിൽ നിലവിൽ പൊലീസിന് സൂചനകളില്ല. സ്കൂളിലെ ശുചിമുറിയിൽ എത്തിച്ച് ഇരുവരും മിഹിറിനെ ഉപദ്രവിച്ചു എന്നും പരാതിയിലുണ്ട്. ആൺകുട്ടിയും പെൺകുട്ടിയും ഒരേ ശുചിമുറിയിൽ പോകുമോ എന്നതിലും സംശയങ്ങളുണ്ട്. വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. മിഹിറിന്‍റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

content highlight : 15-year-old-kerala-teen-boy-mihir-ahammed-death-enquiry