Thiruvananthapuram

കടമെടുത്ത പണം തിരികെ നൽകിയില്ല, യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി | kidnap

പ്രതികളെ പൂന്തുറ സ്റ്റേഷനിലെത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരം: കടമെടുത്ത പണം തിരികെ നൽകാത്തതിനെത്തുടർന്ന് തിരുവനന്തപുരം സ്വദേശിയെ തട്ടിക്കൊണ്ട് പോയി. ചൊവ്വാഴ്ച രാത്രിയോടെ മുട്ടത്തറ ഭാഗത്ത് നിന്നുമാണ് യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. 52 ലക്ഷം രൂപയും അതിന്‍റെ പലിശയുമടക്കം തിരിച്ചുകൊടുക്കാൻ വൈകിയെന്ന് ആരോപിച്ചാണ് മുട്ടത്തറ സ്വദേശി രഞ്ജിത്തിനെ സംഘം തട്ടിക്കൊണ്ട് പോയത്. ആളെ തിരികെ വിട്ടുനൽകണമെങ്കിൽ 80 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ഇവർ രഞ്ജിത്തിന്‍റെ ഭാര്യയോട് ആവശ്യപ്പെട്ടു. യുവാവിന്‍റെ ഭാര്യ ഡി ജി പിക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പയ്യന്നൂരിൽ വച്ച് കാറിലെത്തിയ രഞ്ജിത്തിനെയും പ്രതികളെയും പയ്യന്നൂർ പൊലീസ് പിടികൂടി.

വെമ്പായം ചിറമുക്ക് ബംഗ്ലാവ് വിള ഷംനാദ് മൻസിലിൽ നജീംഷാ (41), സഹോദരൻ ഷംനാദ് (39), വെമ്പായം തേക്കട ഓടരുവള്ളിക്കോണം വിജു പ്രസാദ് ഭവനിൽ വിജു പ്രസാദ് (38), കാര്യവട്ടം കല്ലറക്കാവ് എ ആർ ഭവനിൽ അജിത് കുമാർ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ ഗോവയിലേക്ക് കടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് പൊലീസ് വാഹന പരിശോധനയിൽ ഇവർ കുടുങ്ങിയത്. യുവാവിന് മറ്റ് പരുക്കുകളോ ദേഹോപദ്രവം ഏറ്റതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പയ്യന്നൂർ പൊലീസ് പറഞ്ഞു. പ്രതികളെ പൂന്തുറ സ്റ്റേഷനിലെത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചു.

content highlight :youth-was-caught-while-being-kidnapped-from-thiruvananthapuram

Latest News