ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീൻറെ മൂന്നാണ്മക്കൾ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യയുടെ റോളിലെത്തുന്ന ഷെല്ലിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നഫീസ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും.
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കൂടാതെ തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരും വിവിധ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.
ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസറും ഗാനവും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. നിർമ്മാണം: ജോബി ജോർജ്ജ് തടത്തിൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ.
STORY HIGHLIGHT: narayaneente moonnanmakkal shelleys character poster out