ദില്ലി: കടല്‍ മണല്‍ ഖനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇക്കാര്യം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് എംപി കത്തുനല്‍കി. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുകയാണ്. മത്സ്യമേഖലയേയും കടലിന്റെ ആവാസ വ്യവസ്ഥയെയും തകര്‍ക്കുന്നതാണ് കടല്‍ ഖനനം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. തീരക്കടല്‍ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും തീര ശോഷണത്തിനും കാരണമാകുമെന്നും വേണുഗോപാൽ വ്യക്തമാക്കുന്നു.
ജൈവവൈവിധ്യത്തെ ഇല്ലാതാക്കുകയും പ്രകൃതിക്ഷോഭ സമയത്തെ സ്വാഭാവിക കടലാക്രമണ പ്രതിരോധത്തെ കാര്യമായി ബാധിക്കുകയും ഉയര്‍ന്ന തിരമാലകള്‍ തീരത്തേക്ക് അടിച്ച് കയറുകയും ചെയ്യും. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ അനുകൂലമായ പ്രാദേശിക ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് തന്നെ ഖനനം ഭീഷണിയാണ്. മത്സ്യക്കയറ്റുമതില്‍ ലോകത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. ഇക്കാര്യം കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. കടല്‍ മണല്‍ ഖനനത്തിലൂടെ ആ നേട്ടം തന്നെ ഇല്ലാതാകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കടലില്‍ ഉപജീവനമാര്‍ഗം കണ്ടെത്തി ജീവിക്കുന്ന ലക്ഷകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിത്. കടലിന്റെ അടിത്തട്ടില്‍ ഖനനം നടത്തുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുകയും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുകയും ചെയ്യും. ഖനന മന്ത്രാലയം കടല്‍ത്തീരത്ത് മണല്‍ ഖനനത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് അതിവേഗ നടപടി ആരംഭിച്ചത് മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്ക് കാര്യമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കടല്‍ ഖനനത്തിനെതിരെ ഈ മാസം 27ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ പഠിക്കാതെയുള്ള ഒരു നടപടിയും അനുവദിക്കില്ല. കടലിന്റെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിനും ഭീഷണിയായ കടല്‍ മണല്‍ ഖനനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്നും കെ.സി.വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
content highlight : kollam-south-north-alappuzha-ponnani-chavakkad-central-government-should-withdraw-from-coastal-mining-says