India

വന്ദേഭാരത്, നമോഭാരത് ട്രെയിനുകൾ വരുന്നു; ബജറ്റ് പ്രഖ്യാപനം യാത്രക്കാർക്കു നേട്ടമാകും

തിരുവനന്തപുരം: 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് നോൺ എസി ട്രെയിനുകളും പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം യാത്രക്കാർക്കു നേട്ടമാകും. വൈകിയാണെങ്കിലും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധ സാധാരണ യാത്രക്കാരിലേക്കു തിരിയുന്നു എന്നതാണു ശ്രദ്ധേയം. 3 വർഷത്തിനുള്ളിൽ 17,500 ജനറൽ കോച്ചുകൾ നിർമിക്കാനുള്ള തീരുമാനം, തേഡ് എസി കോച്ചുകൾ കൂട്ടാനുള്ള മുൻതീരുമാനത്തിൽനിന്നുള്ള പിന്മാറ്റമാണ്.

യാത്രക്കൂലി കൂട്ടുന്നതു വിമർശിക്കപ്പെടുമെന്നതിനാൽ അതു മറികടക്കാൻ സൗകര്യങ്ങൾ കൂടിയ വന്ദേഭാരത്, നമോഭാരത് ട്രെയിനുകൾ ഓടിക്കുകയും അവയുടെ ടിക്കറ്റ് നിരക്ക് ഉയർത്തുകയുമാണു റെയിൽവേ ചെയ്യുന്നത്. 200-250 കിലോമീറ്റർ പരിധിയിലുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന നമോഭാരത് ട്രെയിൻ മെട്രോ മാതൃകയിൽ സീറ്റുള്ളവയാണ്. എറണാകുളം–കോഴിക്കോട്, കോഴിക്കോട്–മംഗളൂരു, തിരുവനന്തപുരം–എറണാകുളം, കോയമ്പത്തൂർ–നിലമ്പൂർ, കൊല്ലം–തിരുനെൽവേലി റൂട്ടുകൾ നമോഭാരതിന് അനുയോജ്യമാണ്.

വന്ദേഭാരത് ചെയർകാറിനു പുറമേ സ്ലീപ്പർ ട്രെയിനുകളും ഈ വർഷം പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ െചയർ‍കാർ കോച്ചുകളുടെ ഉൽപാദനം കുറയ്ക്കുമെന്നാണു സൂചന. 2025–27 കാലയളവിൽ 50 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണു തീരുമാനം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജധാനി റൂട്ടുകളിലും മറ്റു പ്രധാന റൂട്ടുകളിലുമാണു വരിക. തിരുവനന്തപുരം നോർത്ത് – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ റെയിൽവേ ബോർഡ് ആദ്യം ശുപാർശ ചെയ്ത റൂട്ടുകളുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്തുനിന്നു മുംബൈയിലേക്കും വന്ദേഭാരത് സ്ലീപ്പറിനു സാധ്യതയുണ്ട്.