Kerala

‘അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കുമായിരുന്നു; ഫോൺ സ്പീക്കറിലിട്ട് ഞങ്ങളോട് സംസാരിക്കാൻ അവളെ നിർബന്ധിക്കും’; വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ | friend said that vishnuja faced severe torture

ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്

മലപ്പുറം: മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് പറയുന്നു. കടുത്ത പീഡനത്തെ തുടർന്ന് വിഷ്ണുജ മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നു. വിഷ്ണുജയെ പ്രഭിൻ ഭീഷണിപ്പെടുത്തിയിരുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു.

വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്.

”അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കുമായിരുന്നു. കഴുത്തിന് പിടിച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ദ്രോഹിച്ചിട്ടുണ്ട്. അവൾക്ക് തീരെ സഹിക്കാൻ പറ്റാതാകുമ്പോൾ അവളെന്നോട് എല്ലാം ഷെയർ ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, നീ തിരിച്ചുപോരെ, വീട്ടിൽ നിന്നെ സ്വീകരിക്കും. അവിടെ പ്രശ്നമൊന്നുമില്ലെന്ന്. ജോലിയില്ല എന്നൊരു ബുദ്ധിമുട്ടും അവൾക്കുണ്ടായിരുന്നു. ജോലി കിട്ടിയാൽ എല്ലാം ശരിയാകുമല്ലോ. അവളുടെ വാട്ട്സ് ആപ്പ് അയാൾ കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് വാട്ട്സ് ആപ്പിലൊന്നും ഞങ്ങളോട് ഫ്രീയായി സംസാരിക്കാറില്ല. ടെല​ഗ്രാമിലാണ് സംസാരിക്കുന്നത്.

അയാൾ അവളുടെ നമ്പറിൽ നിന്ന് ഇടയ്ക്ക് മെസേജ് അയക്കും. അയാളെക്കുറിച്ച് അവള് ഞങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ. വിളിച്ച് ഫോൺ സ്പീക്കറിലിട്ട് ഞങ്ങളോട് സംസാരിക്കാൻ അവളെ നിർബന്ധിക്കും. അവള് നേരത്തെ തന്നെ ഇത് ഞങ്ങളോട് പറഞ്ഞുവെക്കും. അവളുടെ അവസ്ഥ ഞങ്ങളോട് ഷെയറ് ചെയ്യാൻ പോലും അവൾക്ക് സാധിച്ചിട്ടില്ല. ഫോണൊക്കെ അയാള് ചെക്ക് ചെയ്യും.” വിഷ്ണുജ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്ത് പറയുന്നു.

പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് വിഷ്ണുജയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയുടേയും എളങ്കൂർ സ്വദേശി പ്രഭിന്റേയും വിവാഹം കഴിഞ്ഞത്. സൗന്ദര്യം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രഭിൻ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിഷ്ണുജയുടെ കുടുംബം പറഞ്ഞു.

സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നു. പ്രഭിന്റെ ബന്ധുക്കൾ ഇതിനെല്ലാം കൂട്ടുനിന്നിരുന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പ്രഭിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.