ഉച്ചയ്ക്ക് ഊണിനൊപ്പം അയല പൊള്ളിച്ചതും കൂടെ ഉണ്ടെങ്കിൽ കിടിലനാകും. വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അയല – രണ്ട്
- മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
- മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
- കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – പാകത്തിന്
- ഉലുവ – അര ചെറിയ സ്പൂൺ
- സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
- ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഓരോ വലിയ സ്പൂൺ
- തക്കാളി – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
- പച്ചമുളക് – മൂന്ന്, അരിഞ്ഞത്
- ഉപ്പ് – പാകത്തിന്
- കറിവേപ്പില – പാകത്തിന്
തയ്യാറാക്കുന്ന വിധം
അയല മുഴുവനോടെ വൃത്തിയാക്കി വരഞ്ഞ് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വയ്ക്കുക. അരമണിക്കൂറിന് ശേഷം അൽപം വെളിച്ചെണ്ണയിൽ വറുത്തു കോരി വയ്ക്കുക. അതേ പാനിൽ തന്നെ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഉലുവ ചേർത്ത ശേഷം സവാള ചേർത്തു വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, തക്കാളി, പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ശേഷം വാഴയിലയുടെ ഒരു കഷണം വാട്ടി അതിൽ മസാല വച്ച് അതിനു മുകളിൽ മീൻ വറുത്തതു വച്ച്, അതിനു മുകളിൽ വീണ്ടും അൽപം മസാല വച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. രുചികരമായ അയല പൊള്ളിച്ചത് റെഡി.