പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ. തിരുവനന്തപുരം ജില്ലയിലെ അതി സുന്ദരമായ വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറ. സമുദ്ര നിരപ്പിൽ നിന്ന് 500 അടിയോളം ഉയരം. 23 ഏക്കർ വിസ്തൃതി, ഏത് കൊടിയ വേനലിലും നട്ടുച്ചയ്ക്കുപോലും നല്ല കാറ്റ്..
വിശാലമായ പാറയിൽ നിന്നാൽ തിരുവനന്തപുരം നഗരം വ്യക്തമായി കാണാം. ഒപ്പം ദൂരെ കടലിലൂടെ കപ്പൽ പോകുന്നതും. അസ്തമയസൂര്യന്റെ മനോഹാരിത കന്യാകുമാരിയിൽ നിന്നാൽപ്പോലും ഇത്രസുന്ദരമായി ആസ്വദിക്കാൻ കഴിയില്ലെന്ന് വെള്ളാണിക്കൽ പാറയിൽ ഒരിക്കൽ എത്തിയവർ പോലും സമ്മതിക്കും. മിനി പൊന്മുടി എന്ന് തിരുവനന്തപുരത്തുകാർ വെള്ളാണിക്കൽ പാറയ്ക്ക് വിളിപ്പേര് കൊടുത്തതും ഇത്തരം പ്രത്യേകതകൾ കൊണ്ടുതന്നെ.
സാഹസികത ഇഷ്ടപ്പെട്ട് എത്തുന്നവരെയും വെള്ളാണിക്കൽ പാറ നിരാശപ്പെടുത്തില്ല. വാഹനത്തിൽ വന്നിറങ്ങുന്നത് പാറയുടെ മുകൾ ഭാഗത്താണ്. അവിടെ നിന്ന് പാറയുടെ അടിവാരത്തേക്ക് ഇറങ്ങാം. പക്ഷേ, ധൈര്യം വേണമെന്ന് മാത്രം. ഇനി കുറച്ചുകൂടി സാഹസികത വേണമെങ്കിൽ പാറയുടെ ഒരുവശത്തുള്ള പുലിച്ചാണിയിലേക്ക് നടക്കാം.
പാറക്കെട്ടുകളിലും മരക്കൊമ്പുകളിലും അള്ളിപ്പിടിച്ചും ചാടിക്കയറിയുമുള്ള ആ യാത്ര കടുപ്പമാണെങ്കിലും ഒരിക്കലും മറക്കാത്തതായിരിക്കും. പണ്ട് ഇവിടെ പുലികൾ ഉണ്ടായിരുന്നു എന്നും അവരുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് പുലിച്ചാണി എന്ന് വിളിക്കാൻ തുടങ്ങിയതെന്നും പ്രദേശവാസികൾ പറയുന്നു. ഇവരിൽ പലരും വെള്ളാണിക്കൽ പാറയെ പുലിച്ചാണി മല എന്നാണ് ഇപ്പോഴും വിളിക്കുന്നത്.
പുലിച്ചാണി രാജാക്കന്മാരുടെ കാലത്ത് ഉണ്ടാക്കിയ തുരങ്കമാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ചിലർ പുലിച്ചാണിയ്ക്ക് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കുറച്ചുദൂരം മാത്രമാണ് അവർക്ക് മുന്നോട്ടുപോകാനായത്. തുടർന്നുള്ള ഭാഗങ്ങൾ അടഞ്ഞ നിലയിലാണത്രേ. ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും ഇവിടെയാണ്.
2015ൽ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച വെള്ളാണിക്കൽ പാറയിലേക്ക് എംസി റോഡിൽ നിന്നും എൻ എച്ചിൽ നിന്നും ബൈപ്പാസിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം. എംസി റോഡിൽ വെഞ്ഞാറമൂട് വഴിയും ബൈപ്പാസിൽ പോത്തൻകോട് കോലിയക്കോട് വഴിയും എൻ എച്ചിൽ പതിനാറാം മൈൽ വഴിയും ഇവിടേക്ക് എത്തിച്ചേരാം. വൈകുന്നേരമാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പ്രീ വെഡ്ഡിംഗ്, വിവാഹ ഫോട്ടോ ഷൂട്ടിന് ഇവിടേയ്ക്ക് വരുന്നവരും നിരവധിയാണ്.