കണ്ണൂർ: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. ജയരാജൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. 11 പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. എംവി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംവി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സിഎം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സികെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൻ്റെ ഭാഗമായി പി ജയരാജൻ ഒഴിഞ്ഞപ്പോഴാണ് എംവി ജയരാജൻ ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനം നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, ഇലക്ട്രിസിറ്റി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ എംവി ജയരാജൻ സിഐടിയുവിൻ്റെ കേന്ദ്രപ്രവർത്തക സമിതി അംഗവുമാണ്.