Kerala

‘ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത് ? ഇവരുടെ തറവാട്ടിൽ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ലയിത്’; കേരളത്തോട് പുച്ഛമാണ് ഇരു ക്രേന്ദ്രമന്ത്രിമാര്‍ക്കുമെന്നും വി ഡി സതീശൻ | vd satheesan slams suresh gopi george kurian

സുരേഷ് ഗോപിയുടെ പ്രസ്താവന ഏത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്നു തെളിയിക്കുന്നു

കൊച്ചി: കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്‍റെയും പ്രസ്താവന അപക്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രമന്ത്രിമാരുടെ തറവാട്ടുസ്വത്തല്ല കേരളത്തിന് നല്‍കുന്നത് എന്നും കേരളത്തോട് പുച്ഛമാണ് ഇരു മന്ത്രിമാര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ ഉന്നതകുല ജാതന്‍ പരാമര്‍ശം പിന്തിരിപ്പനാണെന്നും സതീശന്‍ പറഞ്ഞു.

‘ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഏത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്നു തെളിയിക്കുന്നു. ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നും’ സതീശൻ ചോദിച്ചു.

‘കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സമീപനം എന്താണെന്നു തെളിയിക്കുന്നതാണ് രണ്ട് മന്ത്രിമാരുടെയും പ്രസ്താവന. കേരളത്തോട് അവർക്ക് പുച്ഛമാണ്. കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാൽ സഹായം അനുവദിക്കാമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഇവരുടെ തറവാട്ടിൽ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്നു ഓർക്കണം.

സംസ്ഥാനം നൽകുന്ന നികുതിപ്പണത്തിൽ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്. എന്നാൽ ഇവരുടെ വാക്കുകൾ കേട്ടാൽ എന്തോ ഔദാര്യം തരുന്നതു പോലെയാണ്. തങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇഷ്ടമുള്ളത്ര കൊടുക്കും, ഇല്ലെങ്കിൽ ഇല്ല എന്നതാണ് മനോഭാവം’–മെന്നും സതീശൻ കുറ്റപ്പെടുത്തി.

അതേസമയം മദ്യ നിര്‍മാണശാല തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് വേണ്ടി ആരും അറിയാതെ സംസ്ഥാന സര്‍ക്കാര്‍ മദ്യ നയം മാറ്റിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. എക്സൈസ് മന്ത്രി നുണ പറയുന്നുവെന്ന് രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ എക്സൈസ് മന്ത്രി വന്‍ ഡീല്‍ നടത്തിയെന്നും ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍പ്പെട്ട ബിആര്‍എസ് നേതാവ് കെ കവിതയാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍റെ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുകയും കേന്ദ്രസര്‍ക്കാരിന്‍റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തശേഷം ഒയാസിസ് കമ്പനി മദ്യ നിര്‍മാണശാല തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നുവെന്ന എക്സൈസ് മന്ത്രിയുടെ വാദം തെറ്റാണെന്നാണ് രേഖകള്‍ പുറത്തുവിട്ട് വി.ഡി സതീശന്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് കമ്പനി ഐഒസി യ്ക്ക് നല്‍കിയ അപേക്ഷയിലുണ്ട്. കേരളത്തില്‍ എഥനോള്‍ നിര്‍മാണത്തിന് ഈ വര്‍ഷം മാത്രം അനുമതി നേടിയ സ്ഥാപനം 2023ല്‍ ഐഒസി ടെന്‍ഡറില്‍ പങ്കെടുത്തു. കമ്പനി അപേക്ഷ നല്‍കിയ അതേ ദിവസം തന്നെ ജല അതോറ്റി തിടുക്കപ്പെട്ട് അനുമതി നല്‍കി. കമ്പനിക്ക് മദ്യനിര്‍മാണശാല തുടങ്ങാന്‍ വേണ്ട രേഖകളും അനുമതികളും നല്‍കിയശേഷം അവര്‍ക്കുവേണ്ടി മദ്യനയത്തില്‍ മാറ്റം വരുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയത് മറ്റ് വകുപ്പുകള്‍ അറിയാതെയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബേര്‍ഡിന്‍റെ നടപടി നേരിട്ട കമ്പനിയാണിത്. ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍പ്പെട്ട ബിആര്‍എസ് നേതാവ് കെ കവിതയാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

​കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവികള്‍ ഏറ്റെടുക്കാന്‍ മുസ്‍ലിം ലീഗിന് സന്തോഷമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞത് തമാശയായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫില്‍ അപസ്വരങ്ങളില്ല. മുസ്‍ലിം ലീഗിന്‍റെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.