Kerala

മാക്ബത്ത്: ദി ലാസ്റ്റ് ഷോ, മാടന്‍ മോക്ഷം-രണ്ട് നാടകങ്ങള്‍ സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിലേക്ക് യോഗ്യത നേടി

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദക്ഷിണമേഖല അമേച്വര്‍ നാടകമത്സരത്തില്‍ നിന്നും രണ്ട് നാടകങ്ങള്‍ സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിലേക്ക് യോഗ്യത നേടി. മാക്ബത്ത്: ദി ലാസ്റ്റ് ഷോ, മാടന്‍മോക്ഷം എന്നീ നാടകങ്ങളാണ് യോഗ്യത നേടിയത്. ഹസിം അമരവിള രചനയും സംവിധാനവും നിര്‍വഹിച്ച് തിരുവനന്തപുരം കനല്‍ സാംസ്‌കാരിക വേദി അവതരിപ്പിച്ച നാടകമാണ് മാക്ബത്ത്: ദി ലാസ്റ്റ് ഷോ. രാജ്മോഹന്‍ നീലേശ്വരം രചനയും ജോബ്മഠത്തില്‍ സംവിധാനവും നിര്‍വഹിച്ച് ആലപ്പുഴയിലെ മരുതം തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച നാടകമാണ് മാടന്‍മോക്ഷം.

ഡോ.ജെയിംസ് പോള്‍, ബാബു കുരുവിള, നന്ദജന്‍ കെ.എ എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങള്‍ തെരഞ്ഞെടുത്തത്.ഈ മാസം 16 മുതല്‍ 21 വരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ നടക്കുന്ന സംസ്ഥാനതല അമേച്വര്‍ നാടകമത്സരത്തില്‍ ഈ നാടകങ്ങള്‍ മാറ്റുരയ്ക്കും. കേരള സംഗീത നാടക അക്കാദമി നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ ആതിഥ്യത്തില്‍ കൊല്ലം നീരാവില്‍ എസ്.എന്‍.ഡി.പി.വൈ.എച്ച്.എസ്.എസില്‍ ആണ് ദക്ഷിണമേഖല അമേച്വര്‍ നാടക മത്സരം സംഘടിപ്പിച്ചത്.ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ട് വരെ സംഘടിപ്പിച്ച മത്സരത്തില്‍ ആറ് നാടകങ്ങളാണ് മാറ്റുരച്ചത്.

വന്‍ ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവ് കൊണ്ടും ദക്ഷിണമേഖല അമേച്വര്‍ നാടകമത്സരം വന്‍ വിജയമായിരുന്നുവെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഉത്തരമേഖല അമേച്വര്‍ നാടക മത്സരം കാസര്‍കോട് നടക്കാവില്‍ പൂര്‍ത്തിയായി.മധ്യമേഖല അമേച്വര്‍ നാടക മത്സരം ഫെബ്രുവരി 5 മുതല്‍ 11 വരെ എറണാകുളം ജില്ലയിലെ കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളിലും അരങ്ങേറും

CONTENT HIGH LIGHTS; Macbeth: The Last Show, Madan Moksham-Two Plays Qualified for State Amateur Drama Competition

Latest News