Kerala

വയനാട്ടിലെ കടുവ തലസ്ഥാനത്ത്; മൂന്നാഴ്ചക്കാലം ക്വാറന്‍റീനിന് ശേഷം മൃഗശാലയിലെ കാണികളുടെ മുന്നിലെത്തും | tiger caught in wayanad transferred to trivandrum zoo

കെണിയിൽ കുടുങ്ങിയ കടുവയ്ക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്

തിരുവനന്തപുരം: വയനാട്ടിൽ വനം വകുപ്പിന്‍റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് എട്ടു വയസുകാരി പെൺകടുവയെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ എത്തിച്ചത്. കടുവയെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ പാർപ്പിക്കും. വനമേഖലയിൽ നിന്ന് എത്തിച്ച കടുവ ആയതിനാൽ കടുവ മൂന്നാഴ്ചക്കാലം ക്വാറന്‍റീനിലായിരിക്കും.

ഇതിനാണ് പ്രത്യേക കൂട് തയാറാക്കുന്നത്. ഏറെനാളത്തെ പരിചരണത്തിന് ശേഷമായിരിക്കും മൃഗശാലയിലെത്തുന്ന കാണികൾക്ക് ഈ കടുവയെ കാണാനാവുക. വയനാട് വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങിയ കടുവയ്ക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്. പുനരധിവാസത്തിന്‍റെ ഭാഗമായാണ് കടുവയെ തലസ്ഥാനത്ത് എത്തിച്ചത്. കടുവയ്ക്ക് ആരോഗ്യപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ ആരംഭിക്കും. വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിൽ കടുവകളുടെ എണ്ണം കൂടുതലായതിനാലാണ് മൃഗശാലയ്ക്ക് കൈമാറിയത്. മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നിരുന്നു.

പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ആഴ്ചകൾക്ക് മുമ്പാണ് പെൺകടുവ പുൽപ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്. രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ അഞ്ചോളം ആടുകളെയും കൊണ്ടുപോയ ശേഷമാണ് ഒടുവിൽ വനം വകുപ്പിന്‍റെ കൂട്ടിലായത്. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവ ആരോഗ്യവാനായി കാണപ്പെട്ടതോടെയാണ് തിരുവനന്തപുരത്തേക്കെത്തിച്ചത്.