ലോക റെക്കോഡിലേക്ക് വഴിതുറന്ന അപൂര്‍വ്വ വിസ്മയം കലാസ്വാദകര്‍ക്ക് നേരിട്ട് കാണാനുള്ള അവസരം ഒരുങ്ങുകയാണ്. മണിലാല്‍ ശബരിമല ഒരു ക്യാന്‍വാസില്‍ വരച്ച പതിനായിരം ഗണപതി ചിത്രങ്ങളുടെ പ്രദര്‍ശനം നാളെ മുതല്‍ 13 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ പ്രദര്‍ശനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. വാസ്തു വിദ്യാ ഗുരുകുലം ചെയര്‍മാന്‍ പദ്മശ്രീ ഡോ. ജി. ശങ്കര്‍, തൃശൂര്‍ അമല ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. രാമന്‍കുട്ടി, ഇന്‍ഡസ് മീഡിയ ചീഫ് എഡിറ്റര്‍ ഇന്ദുകുമാര്‍, നിലമേല്‍ എക്‌സ്‌പോര്‍ട്‌സ് സി.ഇ.ഒ. സുരേഷ് നിലമേല്‍, കോസ്റ്റ്‌ഫോര്‍ഡ് ചീഫ് ആര്‍കിടെക്റ്റ് ആന്റ് ജോയിന്റ് ഡയറക്ടര്‍ സാജന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
27 ദിവസങ്ങള്‍ കൊണ്ടാണ് മണിലാല്‍ ശബരിമല അപൂര്‍വ്വ ചിത്രം പൂര്‍ത്തിയാക്കിയത്. അതീവ ശ്രദ്ധേയോടെ, ഒരു സാധന പോലെ പൂര്‍ത്തിയാക്കിയ പതിനായിരം ചിത്രങ്ങള്‍. ഒരു മാസത്തോളം നീണ്ട് നിന്ന ചിത്രരചന ഏറെ ആസ്വദിച്ച്,ആയാസഹരിതമായാണ് പൂര്‍ത്തിയാക്കിയതെന്ന് മണിലാല്‍ പറയുന്നു. മനസ്സിന്റെ ഏകാഗ്രതയില്‍,ഒരനുഗ്രഹം പോലെ വാര്‍ന്നു വീണ വിവിധ ഭാവങ്ങളിലുള്ള പതിനായിരം ഗണപതി ചിത്രങ്ങള്‍. വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് മൈക്രോണ്‍ പേന ഉപയോഗിച്ചുള്ള രേഖാചിത്രങ്ങള്‍. തെറ്റിയാല്‍, മായ്ച്ച് വീണ്ടും വരയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ തയ്യാറെടുപ്പുകള്‍ക്ക് തന്നെ മാസങ്ങള്‍ വേണ്ടിവന്നു. അങ്ങനെ ഭക്തിസാന്ദ്രമായ ഒരു സുപ്രഭാതത്തില്‍ ഒരു മഹാ പ്രയാണമെന്ന രീതിയില്‍ മൈക്രോണ്‍ പേന ക്യാന്‍വാസില്‍ സ്പര്‍ശിച്ചു. ആ മാന്ത്രികതയുടെ ആശ്ലേഷണത്തില്‍ ദിവസവും പിറന്നുവീണത് ഏകദേശം നാനൂറ് ചിത്രങ്ങളോടടുപ്പിച്ച്.
27 ദിവസം കൊണ്ട് പതിനായിരം ഗണപതിയുടെ വിവിധ ഭാവങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു.ഓരോ ദിവസവും ഏകദേശം 8 മണിക്കൂര്‍ ചിത്രങ്ങള്‍ക്കുവേണ്ടി ചിലവഴിച്ചു. ഇരുപതടി നീളവും നാല് അടി വീതിയിലുമുള്ള ക്യാന്‍വാസില്‍ പതിനായിരം ഗണപതി ചിത്രങ്ങള്‍. അതൊരു ലോക ക്കോര്‍ഡ് ആവുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ യു.ആര്‍.എഫ്. വേള്‍ഡ് റെക്കോഡ് ഓര്‍ഗനൈസേഷനെ സമീപിച്ചതോടെ പരിശോധനകള്‍ക്ക് ശേഷം റെക്കോര്‍ഡ് പ്രഖ്യാപിച്ചു. 2024ല്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ വച്ച് മുന്‍ ഗവര്‍ണ്ണര്‍ ശ്രീ. ആരീഫ് മുഹമ്മദ് ഖാനാണ് റെക്കോര്‍ഡ് സമ്മാനിച്ചത്. അതോടൊപ്പം 17 അടി – 4 അടി വിസ്തീര്‍ണ്ണമുള്ള ക്യാന്‍വാസില്‍ നാലായിരത്തി അഞ്ഞൂറു ഗണപതിയുടെ പെയിന്റിംഗ് ആലേഖനം ചെയ്തതിനുള്ള റെക്കോര്‍ഡിനും മണിലാല്‍ അര്‍ഹനായിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍, ഗണപതി ചിത്രങ്ങള്‍ക്ക് പുറമെ കോണ്‍ഷ്യസ്‌നെസ് എന്ന വിഭാഗത്തില്‍ 25 ചിത്രങ്ങളും 1980കളിലെ ഭൂട്ടാന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള 25 ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും
CONTENT HIGH LIGHTS; Ten Thousand Sketches of Ganesha on a Canvas: Exhibition at Vailoppilly Sanskriti Bhavan from Tomorrow to 13