മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറ് ആഴ്ച്ച വിശ്രമം. താരത്തിന്റെ കൈവിരലിനു പൊട്ടലുണ്ടെന്നും രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി താരം കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം എട്ടിന് ജമ്മു കശ്മീരിനെതിരെയാണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ മത്സരം.
ഇംഗ്ലണ്ടിനെതിരെ ബാറ്റു ചെയ്യുമ്പോൾ ജോഫ്ര ആർച്ചറുടെ പന്ത് ഇടിച്ചാണ് സഞ്ജുവിന്റെ വിരലിനു പരുക്കേറ്റത്. ആർച്ചറിന്റെ മൂന്നാം പന്ത് താരത്തിന്റെ വിരലിലാണ് പതിച്ചത്. ഇതോടെ കുറച്ചു നേരത്തേക്കു കളി നിർത്തിവച്ചു. തുടർന്ന് ടീം ഫിസിയോയെത്തി സഞ്ജുവിന്റെ പരുക്ക് പരിശോധിച്ചു. ബാൻഡേജ് ചുറ്റിയ ശേഷമാണു സഞ്ജു വീണ്ടും ബാറ്റിങ് ആരംഭിച്ചത്.
ഇതേ ഓവറിൽ ഒരു സിക്സും ഫോറുമുൾപ്പടെ രണ്ട് ബൗണ്ടറികൾ കൂടി നേടിയെങ്കിലും അടുത്ത ഓവറിൽ താരം പുറത്തായിരുന്നു. മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ജോഫ്ര ആര്‍ച്ചർ ക്യാച്ചെടുത്ത് സഞ്ജുവിനെ ഔട്ടാക്കിയത്. എന്നാൽ ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പറായി സഞ്ജു ഇറങ്ങിയില്ല. യുവതാരം ധ്രുവ് ജുറേലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ചത്.
സഞ്ജുവിന്റെ പരുക്കിൽ രാജസ്ഥാൻ റോയൽസിനും ആശങ്കയുണ്ട്. പക്ഷേ ഐപിഎൽ ആകുമ്പോഴേക്കും താരത്തിന്റെ പരുക്കു മാറുമെന്നാണു പ്രതീക്ഷിക്കുന്നത്. മാർച്ച് 21നാണ് 2025 ഐപിഎല്ലിനു തുടക്കമാകുക. ക്യാപ്റ്റൻ സഞ്ജു സാംസണു പുറമേ ധ്രുവ് ജുറേലും രാജസ്ഥാനിൽ വിക്കറ്റ് കീപ്പറായി കളിക്കും.