ന്യൂഡല്‍ഹി: കേന്ദ്രധനസഹായം ലഭിക്കാന്‍ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കണമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്രത്തിൽ നിന്നും കൂടുതൽ പണം ആവശ്യമാണെങ്കിൽ ധനകാര്യ കമ്മീഷനെ കേരളം സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി ജോർജ് കുര്യൻ.
ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത് 1.9 ആണ്. എന്നാല്‍ 2.5 ആയി വര്‍ധിപ്പിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കൂടുതല്‍ വിഹിതം വേണമെങ്കില്‍ ധനകാര്യ കമ്മീഷനെ സമീപിക്കൂ എന്നാണ് തനിക്ക് പറയാനുള്ളത്. പക്ഷേ ചില മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ അവര്‍ അത് ചെയ്യാന്‍ തയ്യാറല്ല എന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ അനുസരിച്ച്, അവര്‍ ധനകാര്യ കമ്മീഷനെ സമീപിക്കണം. കേന്ദ്രസര്‍ക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്ക് കൂടുതല്‍ വേണമെന്ന് കേരളസര്‍ക്കാര്‍ പറയുന്നു, എന്നാല്‍ ഡാറ്റയും മറ്റ് കാര്യങ്ങളും നല്‍കാന്‍ അവര്‍ തയ്യാറുമല്ല. അവര്‍ ശരിയായ രീതിയില്‍ ധനകാര്യ കമ്മീഷനെ സമീപിച്ചാല്‍ താന്‍ പിന്തുണയ്ക്കുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വികസനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെയ്യുന്നത്. എന്നാല്‍ കേരളസര്‍ക്കാര്‍ അത് മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നു. വിഴിഞ്ഞം തുറമുഖമെന്ന കേരളത്തിന്റെ 13 വര്‍ഷത്തെ ആവശ്യത്തിനാണ് മോദി അംഗീകാരം നല്‍കിയത്. വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്കെതിരെ പ്രചാരണം തുടങ്ങി. മോദി ചെയ്ത കാര്യങ്ങള്‍ മറച്ചു വെക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പുലര്‍ച്ചെ മുതല്‍ തന്നെ പ്രധാനമന്ത്രി പ്രവര്‍ത്തന നിരതനായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുലര്‍ച്ചെ തന്നെ വിളിച്ച് വയനാട്ടില്‍ ദുരന്തമുണ്ടായ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ നിര്‍ദേശിച്ചു. ആ സമയം മുഖ്യമന്ത്രി കിടന്ന് ഉറങ്ങുകയായിരുന്നു. താന്‍ ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍ ഒരു എംപിയോ എംഎല്‍എയോ മന്ത്രിയോ സ്ഥലത്തുണ്ടായിരുന്നില്ല. വീണ്ടും ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന പേടിയിലായിരുന്നു അവരെല്ലാം. അവിടെ ദുരിതാശ്വാസത്തിനായി വേണ്ട കാര്യങ്ങളെല്ലാം മോദി ചെയ്തു. അന്നു തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്കെതിരെ പ്രചാരണം തുടങ്ങി.
കേരളത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത പ്രവൃത്തികള്‍ അറിയുകയും, മോദിക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്നും അവര്‍ ഭയപ്പെടുകയാണ്. അതുകൊണ്ടുതന്നെ മോദിക്കെതിരെ അവര്‍ പ്രചാരണം അഴിച്ചുവിടുന്നു. ദേശീയപാത, റെയില്‍വേ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേന്ദ്രസര്‍ക്കാരാണ്. കേരളം ഇപ്പോള്‍ കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെടുകയാണ്. അത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയല്ല, പകരം ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിനാണ് കൂടുതല്‍ വായ്പകള്‍ ചോദിക്കുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.