Kerala

‘ഹോട്ടലുടമ വിശ്വാസ്യത നേടാൻ ശ്രമിച്ചു, വളരെ മോശമായ രീതിയിൽ സന്ദേശങ്ങള്‍ അയച്ചിരുന്നു’; മുക്കത്ത് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് പ്രലോഭനത്തിന് വഴങ്ങാതായതോടെയെന്ന് ബന്ധു | mukkam woman jumped from building

വാട്സ്ആപ്പിൽ അയച്ച മെസേജുകള്‍ ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ട്

കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കള്‍. മൂന്നു പേര്‍ ചേര്‍ന്ന് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നും പ്രാണരക്ഷാര്‍ത്ഥം ആണ് കെട്ടിടത്തിൽ നിന്ന് ചാടിയത് എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയും കണ്ണൂർ പയ്യന്നൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. മുക്കത്തിനടുത്ത മാമ്പറ്റയിൽ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ സമീപം പുതുതായി ആരംഭിച്ച ഹോട്ടലിൽ ജീവനക്കാരിയാണ് യുവതി.

മൂന്നുമാസമായി യുവതി ഹോട്ടലിൽ ജോലിക്ക് കയറിയിട്ടെന്നും ആദ്യം ഹോട്ടലുടമയായ ദേവദാസ് യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിച്ചുവെന്നും പിന്നാലെ പ്രലോഭനത്തിന് ശ്രമിച്ചുവെന്നും ബന്ധു പറഞ്ഞു. വളരെ മോശമായ രീതിയിൽ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. വാട്സ്ആപ്പിൽ അയച്ച മെസേജുകള്‍ ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ട്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ സംശയം ഉണ്ട്. പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഇടുപ്പിനും പരിക്കുണ്ട്.

പരിക്കേറ്റ യുവതി ഐസിയുവിൽ ചികിത്സ തുടരുകയാണ്. അസഹ്യമായ വേദനയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബന്ധു പറഞ്ഞു. രാത്രിയോടെ നടന്ന സംഭവം പുലര്‍ച്ചെയാണ് തങ്ങള്‍ അറിയുന്നതെന്നും ഉടനെ തന്നെ മുക്കത്തേക്ക് വരുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. ഹോട്ടലുടമ അയച്ച വോയ്സ് മെസേജുകള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്നും അന്വേഷണം നടക്കുന്നതിന് അനുസരിച്ച് ഈ തെളിവുകളെല്ലാം കൈമാറുമെന്നും ബന്ധു പറഞ്ഞു.

മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതികൾ മൂന്ന് പേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.

മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. കഴിഞ്ഞ രാത്രി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.