സ്വകാര്യ കുത്തക കമ്പനികൾ ധനകാര്യ രംഗത്ത് മികവുറ്റ നേട്ടവുമായി മുന്നേറുമ്പോൾ ഒപ്പം ഓടാൻ ശ്രമിച്ചു BSNL. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ച് നൂതന ഇന്റര്‍നെറ്റ് ടിവി സേവനമായ ബിഐടിവി(B-iTV) അവതരിപ്പിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).
ഇന്ത്യയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ചാനലുകള്‍ ഉള്‍പ്പെടെ 450ലധികം ലൈവ് ടിവി ചാനലുകള്‍ ഈ സേവനത്തിലൂടെ കാണാന്‍ സാധിക്കും. പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് രാജ്യവ്യാപകമായി BiTV സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഭക്തിഫ്‌ലിക്‌സ്, ഷോര്‍ട്ട്ഫണ്ട്‌ലി, കാഞ്ച ലങ്ക, സ്‌റ്റേജ്, ഒഎം ടിവി, പ്ലേഫ്‌ലിക്‌സ്, ഫാന്‍കോഡ്, ഡിസ്‌ട്രോ, ഹബ്‌ഹോപ്പര്‍, റണ്‍ ടിവി തുടങ്ങിയ ഒടിടികളും 450ലധികം ലൈവ് ടിവി ചാനലുകളും ബ്ലോക്ക്ബസ്റ്റര്‍ സിനിമകളും വെബ് സീരീസുകളും ആസ്വദിക്കാന്‍ കഴിയും.
‘BiTV യിലൂടെ, എല്ലാ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഏത് പ്ലാന്‍ ഉപയോഗിച്ചാലും അധിക ചാര്‍ജുകളൊന്നും ഈടാക്കാതെ എപ്പോള്‍ വേണമെങ്കിലും, എവിടെയും’ സൗജന്യമായി സേവനം ഉപയോഗിക്കാം. സിനിമകളായാലും ടിവി ഷോകളായാലും എക്‌സ്‌ക്ലൂസീവ് ഉള്ളടക്കമായാലും ലോക നിലവാരത്തിലുള്ള വിനോദം പരിപാടികള്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒടിടി പ്ലേയുടെ സഹസ്ഥാപകനും സിഇഒയുമായ അവിനാശ് മുദലിയാര്‍ പറഞ്ഞു.