അറവുശാലയിലേക്ക് കൊണ്ടുവന്ന കാള വിരണ്ടോടി. റോഡിലൂടെ നടന്നുപോയ സ്ത്രീയെ ഓടുന്നതിനിടയില്‍ കാള ഇടിച്ചുവീഴ്ത്തി. ആറ്റിങ്ങല്‍ തോട്ടവാരം സ്വദേശി ബിന്ദുകുമാരിയെയാണ് ഇടിച്ചിട്ടത്. നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടുമണിക്കൂറിന് ശേഷം കാളയെ പിടിച്ചുകെട്ടി.
ആലംകോട് സ്വദേശി അറവുശാലയിലേക്ക് കൊണ്ടുവന്ന മൃഗങ്ങളുടെ കൂട്ടത്തിലുള്ളതായിരുന്നു വിരണ്ടോടിയ കാള. കാളയെ വാഹനത്തില്‍നിന്ന് പുറത്തിറക്കുമ്പോള്‍ മൂക്കുകയര്‍ പൊട്ടിപ്പോയി. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാള പുറത്തേക്കിറങ്ങിയോടി. കുഴിമുക്ക്-കൊല്ലമ്പുഴ റോഡിലൂടെ നടന്നുവരികയായിരുന്ന ബിന്ദുകുമാരി വിദ്യാധിരാജ സ്‌കൂളിന് സമീപമെത്തിയപ്പോഴാണ് കാള ഓടിവരുന്നത് കണ്ടത്. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ കാള ഇവരെ ഇടിച്ചിട്ടു. കാളയുടെ കൊമ്പ് ദേഹത്ത് കൊണ്ടില്ലെങ്കിലും വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു.
തിരുവാറാട്ടുകാവിലെ ആനയായ കാളിദാസന്റെ പാപ്പാന്‍ സ്ഥലത്തെത്തുകയും കയറുകൊണ്ട് കുരുക്കുണ്ടാക്കി കാളയുടെ കഴുത്തിലെറിഞ്ഞ് കാളയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. അക്രമത്തിനു ശേഷം കാള ആരെയും അടുപ്പിക്കാതെ ക്ഷേത്രമൈതാനത്ത് നിലയുറപ്പിച്ചതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. കാളയെ പിടിച്ചുകെട്ടിയ ശേഷമാണ് പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞത്.
STORY HIGHLIGHT: bull injures woman attingal