വഖഫ് ഭൂമി സംബന്ധിച്ച് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ തീരുമാനം വീണ്ടും ചോദ്യം ചെയ്ത് ഹൈക്കോടതി. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ കമ്മിഷനെ നിയമിക്കാനാകുമോയെന്നും വഖഫ് ഭൂമിയാണെന്ന തീരുമാനം മാറ്റുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാതെ കമ്മിഷനെ നിയമിക്കാൻ അധികാരമുണ്ടോയെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
വഖഫ് ബോർഡിന്റെ കണ്ടെത്തൽ അന്തിമമാണെന്നും ഇക്കാര്യത്തിൽ ഭേദഗതി വരുത്താതെ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. കൂടാതെ കമ്മിഷനെ നിയമിക്കാൻ പൊതുപ്രാധാന്യമെന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കമ്മിഷന് ജുഡീഷ്യൽ അധികാരമില്ലെന്നും വസ്തുതാന്വേഷണം മാത്രമാണ് നടത്തുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു സിവിൽ കോടതിയും ഹൈക്കോടതിയും വഖഫ് അന്വേഷണ കമ്മിഷനും അംഗീകരിച്ചതാണെന്നും ഇതിൽ അന്വേഷണം നടത്താൻ സർക്കാരിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
STORY HIGHLIGHT: kerala high court questions waqf land