ബെംഗളൂരു: സാങ്കേതിക തകരാറിനെ തുടർന്ന് ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തിൽ (ജിയോസിംക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) തുടരുന്ന ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വീണ്ടെടുക്കാനുള്ള സാധ്യതകൾ ഐഎസ്ആർഒ വിലയിരുത്തി വരുന്നു. ദീർഘവൃത്താകൃതിയിലുള്ള നിലവിലെ ഭ്രമണപഥത്തിൽ തന്നെ ഉപഗ്രഹത്തെ നിലനിർത്തി ഉപയോഗപ്പെടുത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. വീണ്ടെടുക്കൽ ഫലപ്രദമായില്ലെങ്കിൽ ഉപഗ്രഹം തിരിച്ച് ഭൂമിയുടെ അന്തരീക്ഷവലയത്തിൽ പ്രവേശിച്ച് കത്തിനശിക്കാൻ സാധ്യതയുണ്ട്.
ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാം വിക്ഷേപണത്തിന്റെ ഭാഗമായി 29ന് ജിഎസ്എൽവി–എഫ്–15 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തിൽ എത്തിച്ചത്. നിർദിഷ്ട ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് (ജിയോ സ്റ്റേഷനറി ഓർബിറ്റ് ) ഉയർത്താനുള്ള ശ്രമത്തിനിടെ, ത്രസ്റ്ററുകൾ തകരാറിലാകുകയായിരുന്നു. ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ പീനിയയിലെ ഇസ്ട്രാക് (ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്) കേന്ദ്രത്തിൽ ലഭിക്കുന്നുണ്ട്.