Kerala

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചു.

കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ‍ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഡയസ്നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ അറിയിച്ചു.