India

രാഷ്ട്രപതിയുടെ അഭിസംബോധനയിൽ പാർലമെൻ്റിൽ ചർച്ച തുടരുന്നു; പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ മറുപടി പറയും

ന്യൂഡൽഹി: രാഷ്ട്രപതിയുടെ അഭിസംബോധനയിൽ പാർലമെൻ്റിൽ ചർച്ച തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. രാഷ്ട്രപതിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകിയിട്ടുണ്ട്. ഡൽഹി നിയമസഭയിലേയ്ക്കുള്ള വോട്ടെട്ടുപ്പ് നാളെ നടക്കാനിരിക്കെയാണ് ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കുന്നത്. മധ്യവർഗത്തെ ആകർഷിക്കുന്ന പ്രസംഗമായിരിക്കും മോദി നടത്തുകയെന്നാണ് സൂചന. മോദിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയത്.

അമേരിക്കൻ പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ക്ഷണം കിട്ടാൻ മോദി ശ്രമിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ എസ്. ജയശങ്കർ വഴിയാണ് ശ്രമം നടത്തിയതെന്നും രാഹുൽ ആരോപിച്ചു. ഇത്തരം ആരോപണങ്ങൾക്ക് ഇന്ന് മറുപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. വഖഫ് ജെപിസി റിപ്പോർട്ടും ഭേദഗതിബില്ലും സഭയിൽ ഒരുമിച്ച് അവതരിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.