എറണാകുളം: തൃപ്പൂണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഫോർട്ട് കൊച്ചി സബ് ഡിവിഷൻ മജിസ്ട്രേറ്റ് കോടതിയിലാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തി റിപ്പോർട്ട് സമർപ്പിച്ചത്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് മിഹിറിന്റെ അമ്മ ആരോപിച്ചു.
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മിഹിർ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്. റാഗിങ് പരാതിയിൽ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഫോർട്ട് കൊച്ചി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഇന്നലെ സമർപ്പിച്ചു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
സംഭവത്തിൽ സഹപാഠികളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് അമ്മ രംഗത്ത് വന്നു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുറത്ത് പറഞ്ഞാൽ സ്കൂളിൽ നിന്നും ഡിബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് അമ്മയായ രജ്ന പറയുന്നത്. നിങ്ങൾക്കറിയാവുന്ന കാര്യം തന്നോട് തുറന്നുപറയണമെന്നും നീതിക്കുവേണ്ടി സംസാരിക്കണമെന്നും അമ്മയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്. വിവരങ്ങൾ അറിയിക്കാൻ മെയിൽ ഐഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പോസ്റ്റിലുണ്ട്. മരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക അന്വേഷണം പൂർത്തിയായി. രക്ഷിതാക്കളുടെയും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പല ചോദ്യങ്ങൾക്കും സ്കൂൾ അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.