തെല്‍ അവിവ്: ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാവി സംബന്ധിച്ച് തനിക്ക് ഉറപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമെന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു.
ഗസ്സ വെടിനിർത്തൽ ഭാവി സംബന്ധിച്ച് തനിക്ക് ഉറപ്പില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി ഗസ്സ വെടിനിർത്തൽ രണ്ടാം ഘട്ടം നടപ്പാക്കുന്നതു സംബന്ധിച്ച് നിർണായക ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം. എന്നാൽ ഇതുവരെ വെടിനിർത്തൽ കരാർ വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്നും ബാക്കിയുള്ള ബന്ദികളെയും മോചിപ്പിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപിന്‍റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞു. ഗസ്സയുടെ പുനർ നിർമാണം, യുദ്ധാനന്തര ഗസ്സയുടെ ഭാവി തുടങ്ങിയ കാര്യങ്ങളിൽ രണ്ടും മൂന്നും ഘട്ട വെടിനിർത്തൽ കരാറിൽ വ്യക്തത വരേണ്ടതുണ്ട്.
ഹമാസ് നിയന്ത്രണത്തിൽ ഗസ്സയുടെ പുനർ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ഇന്ന് ട്രംപിന് മുമ്പാകെ നെതന്യാഹു ഉന്നയിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് ഉറ്റവരുടെ മോചനത്തിന് തുരങ്കം വെക്കരുതെന്ന് ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. കരാർ റദ്ദാക്കി ഗസ്സക്കു മേൽ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനമാണ് വേണ്ടതെന്ന് ഇസ്രായേൽ മുൻമന്ത്രി ബെൻ ഗവിർ നെതന്യാഹുവിനോട് നിർദേശിച്ചു. ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്‍റെ പുതിയ ആയുധങ്ങൾ കൈമാറാൻ അമേരിക്ക ഒരുങ്ങുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് ബാങ്ക് നഗരങ്ങളിൽ ഫലസ്തീനികൾക്കെതിരെ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേൽ സേന. ജെനിൻ അഭയാർഥി ക്യാമ്പിനോട് ചേർന്ന നിരവധി കെട്ടിടങ്ങൾ സൈന്യം തകർത്തു. തുൽക്റാം, തൂഫാ എന്നിവിടങ്ങളിൽ ഫലസ്തീനികൾക്കെതിരെ വ്യാപക ആക്രമ സംഭവങ്ങൾ അരങ്ങേറി. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ കുറ്റപ്പെടുത്തി.