Food

പാലപ്പത്തിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ തയ്യാറാക്കാം ചിക്കൻ സ്റ്റ്യൂ

അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു ചിക്കൻ സ്റ്റ്യൂ തയ്യാറാക്കിയാലോ? എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍ – ഒരു കിലോ
  • പച്ചമുളക് – അഞ്ചെണ്ണം
  • വലിയ ഉള്ളി – അഞ്ചെണ്ണം
  • തക്കാളി – ഒന്ന്
  • ഇഞ്ചി, വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ
  • മഞ്ഞള്‍പൊടി – കാല്‍ സ്​പൂണ്‍
  • ഏലക്കായ പൊടിച്ചത് – കാല്‍ സ്​പൂണ്‍
  • കുരുമുളകുപൊടി – ഒരു ടേബിൾ സ്​പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • പട്ട – മൂന്ന് കഷ്ണം
  • ഗ്രാമ്പൂ – അഞ്ചെണ്ണം
  • തേങ്ങാപ്പാൽ- രണ്ട് കപ്പ്
  • എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം പച്ചമുളകും ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കിയ ഉള്ളിയും തക്കാളിയും ഒപ്പം ചേർത്ത് വഴറ്റുക. അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് വഴന്നുവന്നാൽ പട്ടയും ഗ്രാമ്പൂവും ഏലക്കായ പൊടിച്ചതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. തേങ്ങാപ്പാലും കുരുമുളകുപൊടിയും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെക്കുക. കൊതിയൂറും ചിക്കൻ സ്റ്റ്യൂ റെഡി.