കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്താണ് അപ്പ ഹാജ. ഇരുവരുടേയും കുടുംബവും ഈ ബന്ധം സൂക്ഷിക്കുന്നുണ്ട്. അപ്പ ഹാജയുടെ മകന്റെ വിവാഹത്തിന് എല്ലാവരും പങ്കെടുത്തിരുന്നു. സ്വന്തം വീട്ടില്‍ ഒരു കല്യാണം നടന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെയായി ഈ സൗഹൃദത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനാവാറുണ്ട്. ഇടവേളയ്ക്ക് ശേഷമായി അപ്പ ഹാജയെ കണ്ടതിന്റെ സന്തോഷമായിരുന്നു പുതിയ പോസ്റ്റിലൂടെ പങ്കുവെച്ചത്.
ഹാജയും ഞാനും. കുറേ നാളുകൾക്കു ശേഷം ഇന്നലെ കാറിൽ ഒരു കറക്കം, കുറേ സംസാരം, ഒരുമിച്ചിരുന്നു ഭക്ഷണം. 35 വർഷങ്ങളായുള്ള ബന്ധം, സ്നേഹം, വിശ്വാസം. ചില ബന്ധങ്ങൾ അങ്ങനെയാണ്. നമ്മൾ ഇത്ര വർഷം കൂട്ടുകാരായി ഇരിക്കും എന്നു പറഞ്ഞു തുടങ്ങുന്നതല്ല. അതങ്ങു സംഭവിക്കുന്നതാണ്. രണ്ടുകൂട്ടരും ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കണ്ടു. സന്തോഷവും ദുഖവും കണ്ടു. അപ്പോഴെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചും ആവോളം ധൈര്യം കൊടുത്തും തോളോട് തോൾ ചേർന്നു നിന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്ത് എന്നു എനിക്ക് തോന്നാറുണ്ട്. എന്റെ കുടുംബത്തിലെ മറ്റു അഞ്ചു പേർക്കും ഇതേ തോന്നലാണ്. എന്നെക്കുറിച്ച് ഹാജയും ഹാജയുടെ കുടുംബവും, അങ്ങനെ തന്നെയാണ് കരുതുന്നത്. അതും എനിക്ക് ബോധ്യമുണ്ട്. നല്ല സൗഹൃദങ്ങൾ, അതും നീണ്ടമ കാലമായി നമ്മോടൊപ്പമുള്ള സുഹൃത്തുക്കൾ അമൂല്യ സമ്പത്താണ്. അവരുമായുള്ള ബന്ധം എന്നും സന്തോഷത്തോടെ നിലനിർത്തുക. ഏവർക്കും നന്മകൾ നേരുന്നു എന്നായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.
സിനിമയിലേക്ക് വരുന്നതിന് മുന്‍പെ തന്നെ സുഹൃത്തുക്കളായവരാണ് ഹാജയും കൃഷ്ണകുമാറും. ഹാജയുടെ കസിന്റെ അയല്‍വാസിയായിരുന്നു അദ്ദേഹം. കസിന്റെ വീട്ടില്‍ പോവുമ്പോഴെല്ലാം അദ്ദേഹത്തെയും കാണാറുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്. ഇടയ്ക്ക് കുറേക്കാലം ഇരുവരും ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു.സിന്ധുവും ഞാനുമായുള്ള വിവാഹം നടത്തിയത് ഹാജയാണെന്നാണ് കൃഷ്ണകുമാര്‍ പറയാറുള്ളത്.
അന്ന് പുള്ളിക്കാരിയോട് സംസാരിച്ചിരുന്നു എന്നത് ശരിയാണ്. അവരുടെ കല്യാണം നടത്തിയത് ഞാനാണെന്ന് അവര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അവരുടെ മക്കളെല്ലാം എന്നെ ഹാജ മാമ എന്നാണ് വിളിക്കുന്നതെന്നും ഹാജ പറഞ്ഞിരുന്നു. ഇടയ്ക്ക് ദിയ പുതിയ കാറെടുത്ത സമയത്ത് ഹാജയും കൂടെയുണ്ടായിരുന്നു. ആദ്യം ഹാജ മാമ ഡ്രൈവ് ചെയ്യട്ടെ എന്നായിരുന്നു ദിയ പറഞ്ഞത്.
Content Highlight: Actor Krishnakumar about best friend Haaja