Kerala

പ്രശസ്ത തെലുങ്ക് നിർമ്മാതാവ് ഗോവയില്‍ മരിച്ച നിലയില്‍

തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 3 നാണ് സുങ്കര കൃഷ്ണ പ്രസാദ് ചൗധരി എന്നറിയപ്പെടുന്ന കെ പി ചൗധരിയെ (44) ഗോവയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാതാവ് ആത്മഹത്യ ചെയ്താണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും, ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചൗധരി കടുത്ത സാമ്പത്തിക പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു എന്നാണ്.

2023 ജൂൺ 13 ന് സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ചൗധരിയെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ടോളിവുഡിലെയും കോളിവുഡിലെയും മയക്കുമരുന്ന് വിതരണവുമായി ചൗധരിയെ സംഭവം സംശയത്തില്‍ നിര്‍ത്തിയിരുന്നു.

ചോദ്യം ചെയ്യലിനിടെ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരുന്ന ഫോട്ടോഗ്രാഫുകളും കോൺടാക്റ്റുകളും ലഭിച്ചതായി തെലങ്കാന പോലീസ് നേരത്തെ പറഞ്ഞിരുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

രജനികാന്തിന്‍റെ വന്‍ ഹിറ്റായ കബാലി എന്ന ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശം നേടിയതും അത് വിതരണം നടത്തിയതും കെപി ചൗധരിയായിരുന്നു. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്നു ഇദ്ദേഹം. കബാലിക്ക് ശേഷം ഇദ്ദേഹം വിതരണത്തിനെടുത്തതും, നിര്‍മ്മിച്ചതുമായ ചിത്രങ്ങള്‍ വന്‍ പാരജയമായിരുന്നു.