കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാരും നിയമവിരുദ്ധ മയക്കുമരുന്നുകളും കടക്കുന്നത് തടയാൻ അതിർത്തിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപിന് ഫോണിലൂടെ ട്രൂഡോയും ഉറപ്പ് നൽകി.
അധികാരമേറ്റതിന്റെ രണ്ടാമത്തെ ആഴ്ച തന്നെ വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അദ്ദേഹം മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ട്രംപിന്റെ യുദ്ധ പ്രഖ്യാപനത്തിൽ കാനഡയും തിരിച്ചടിച്ചിരുന്നു. 155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് കാനഡ പ്രഖ്യാപിച്ചത്. ഈ വ്യാപാര യുദ്ധത്തിന്നാണ് അയവു വരുത്താൻ ഇപ്പോൾ ഇരു രാഷ്ട്ര തലവന്മാരും തീരുമാനിച്ചിരിക്കുന്നത്.