Health

ഉയരമുള്ളവർക്ക് ക്യാൻസർ സാധ്യത വളരെ കൂടുതലെന്ന് പുതിയ പഠനം; ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക| Tall people cancer risk

പൊക്കമുള്ളവരിൽ ക്യാൻസർ സാധ്യത കൂടുതലെന്ന് പുിതിയ പഠനം

പൊക്കമുള്ളവരിൽ ക്യാൻസർ സാധ്യത കൂടുതലെന്ന് ഏറ്റവും പുതിയ പഠനം. സാധാരണയായി ഉയരം കൂടുതലുള്ളത് പൊതുവേ ഒരു യോഗ്യതയായിട്ടാണ്‌ സമൂഹം കാണാറുളളത്‌.

ഹൃദ്രോഗവും പ്രമേഹവുമൊക്കെ വരാന്‍ പൊക്കമുള്ളവര്‍ക്ക്‌ സാധ്യത കുറവാണെന്നും ഈ പഠനത്തിൽ പറയുന്നു. ഉയരമുള്ളവര്‍ക്ക്‌ കാൻസർ സാധ്യത കൂടുതലാണെന്നാണ് വഡോദര എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. അങ്കിത്‌ ഷാ എഴുതിയ ലേഖനത്തില്‍ ചൂണ്ടികാണിക്കുന്നത്.

പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം പാന്‍ക്രിയാറ്റിക്‌ അര്‍ബുദം, വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം, എന്‍ഡോമെട്രിയല്‍ അര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വൃക്കകളെയും സ്‌തനങ്ങളെയും ബാധിക്കുന്ന അര്‍ബുദം, ചര്‍മ്മാര്‍ബുദം എന്നിവയുടെ സാധ്യതകളാണ്‌ ഉയരമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്നതെന്ന്‌ ലേഖനം അടിവരയിടുന്നു.

കുട്ടിക്കാലത്തെ പോഷണം, ആരോഗ്യം, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവയാണ്‌ ഉയരത്തെ പലപ്പോഴും സ്വാധീനിക്കുന്ന ഘടകങ്ങള്‍. കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ തന്നെ അര്‍ബുദ കോശങ്ങളുടെയും അനിയന്ത്രിത വളര്‍ച്ചയ്‌ക്ക്‌ സംഭാവന നല്‍കാമെന്നാണ്‌ ഡോ. അങ്കിത്‌ അഭിപ്രായപ്പെടുന്നത്‌.

ഉയരമുള്ളവര്‍ പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്‌, നിരന്തരമായ ക്ഷീണം, ചര്‍മ്മത്തിലും  മറുകുകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, അസാധാരണമായ രക്തസ്രാവം, നിരന്തരമായ വേദന തുടങ്ങിയ ലക്ഷണങ്ങളെ കരുതിയിരിക്കേണ്ടതാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 content highlight: Tall people cancer risk