World

കുളിമുറിയിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, ഒരാൾ കസ്റ്റഡിയിൽ

കുവൈത്തിലെ ഹവല്ലിയിൽ ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രവാസിയുടെ മരണത്തെ തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഒപ്പം താമസിക്കുന്ന മറ്റൊരു പ്രവാസിയെ ഹവല്ലി സുരക്ഷാ അധികൃതർ കസ്റ്റഡിയിലെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഹവല്ലിയിലെ മെഡിക്കൽ എമർജൻസിയിൽ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടർന്ന് മെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തിയപ്പോൾ അപ്പാർട്ട്‌മെന്‍റിന്‍റെ കുളിമുറിയിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ 47കാരനായ പ്രവാസിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു.

ഫോറൻസിക് ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികളും ഉൾപ്പെടെയുള്ള അധികൃതരെ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും, സംശയം തോന്നിയതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി സംഭവം റിപ്പോർട്ട് ചെയ്ത സഹതാമസക്കാരനായ പ്രവാസിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായിരിക്കും പ്രവാസി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം നൽകിയത്.