അബദ്ധത്തിൽ ട്രെയിൻ മാറിക്കയറിയ സ്ത്രീയെ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ദീർഘദൂര ട്രെയിനിൽ മുംബൈയിൽ വന്നിറങ്ങിയ മധ്യവയസ്കയായ സ്ത്രീ അബദ്ധത്തിൽ ട്രെയിൻ മാറിക്കയറുകയായിരുന്നു. മകനോടൊപ്പമാണ് വീട്ടമ്മ ഒരു ഔട്ട്‌സ്റ്റേഷൻ ട്രെയിനിൽ ബാന്ദ്ര ടെർമിനസിൽ എത്തിയത്.
ട്രെയിൻ നിർത്തിയ ശേഷം പുറത്തിറങ്ങിയ ഇവർ അബദ്ധത്തിൽ പ്ലാറ്റ്‌ഫോമിന്‍റെ മറുവശത്ത് വന്ന മറ്റൊരു ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ മറ്റു യാത്രക്കാർ ഇല്ലായിരുന്നു. അളില്ലാത്ത ട്രെയിനിൽ സ്ത്രീയെക്കണ്ട ചുമട്ടുതൊഴിലാളി ഇവരെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി ബാന്ദ്ര ജിആർപി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതിയായ പോർട്ടറെ പിടികൂടിയത്.
അതേസമയം ബാന്ദ്ര ടെർമിനസിൽ ഇറങ്ങിയ ശേഷം എന്തുകൊണ്ടാണ് യുവതി മറ്റൊരു ട്രെയിനിൽ പ്രവേശിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും ജിആർപി പൊലീസ് അറിയിച്ചു.