തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്എസ്എൽപി സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടെന്നും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇക്കാര്യത്തിൽ എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട് എന്നും മന്ത്രി കുറിച്ചു.
തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്എസ്എൽപിഎസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. 30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തുടർന്ന് തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാൻ വിദ്യാഭ്യാസ മന്ത്രിയുടെ സഹായം തേടി വിദ്യാർത്ഥികൾ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. ഈ കത്തിന്‍റെ ചിത്രം കൂടി പങ്കുവച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ കുറിപ്പ്
തൈക്കാട് ഗവ.മോഡൽ എച്ച്എസ് എല്‍പി സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്…
ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി സ്വന്തം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കുട്ടികൾ കൃഷി ആരംഭിച്ചത്. വിളഞ്ഞു പാകമായി നിൽക്കുന്ന പച്ചക്കറികൾ മോഷണം പോയത് അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ ഇവരെ ഞെട്ടിച്ച കാഴ്ചയായിരുന്നു.