ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷംകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുക. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കാന്‍സര്‍ കേസുകള്‍ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാര്‍ബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്കായി മാറ്റിവെച്ചത്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഈ കാലയളവില്‍ ഉറപ്പാക്കും.
കാന്‍സര്‍ ചികിത്സയ്ക്ക് നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയിലും എംസിസിയിലും കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചു. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ‘സെര്‍വി സ്‌കാന്‍’ ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്പിവി വാക്‌സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ രംഗത്തെ സുപ്രധാനമായ ചുവടുവയ്പ്പാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളം ആരോഗ്യ സൂചകങ്ങളില്‍ മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലാണ്. ആരോഗ്യ സാക്ഷരത വളരെ കൂടുതലാണ്. പക്ഷെ നമ്മളില്‍ എത്രപേര്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകുന്നു? സ്വന്തം ആരോഗ്യത്തിന് പലരും സ്ഥാനം കൊടുക്കാറില്ല. ആരോഗ്യ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഓരോ വര്‍ഷവും കാന്‍സര്‍ രോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നു. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്തിനാണ് ഇത്രയും നാള്‍ തിരിച്ചറിയാന്‍ വൈകുന്നത്. നമ്മുടെ ഭയം, അജ്ഞത എന്നിവ മാറ്റിനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കാന്‍സര്‍ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ ആന്റണി രാജു, വി ശശി, സികെ ഹരീന്ദ്രന്‍, ഐബി സതീഷ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.