Kerala

കിഫ്ബി റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ – vd satheesan public protest against kiifb toll collection

കിഫ്ബി റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

‘ ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണു സംസ്ഥാനത്തെ ധനപ്രതിസന്ധിക്കു കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങള്‍ക്കുമേല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണു സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നത്.’ വി.ഡി. സതീശൻ പറഞ്ഞു.

ബജറ്റിനു പുറത്തു കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്നു പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വന്‍കിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷേ, പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണു നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയില്‍നിന്നാണു കിഫ്ബിക്കു പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്. കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്‌മെന്റും ധൂര്‍ത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയില്‍ ചുമത്താന്‍ ശ്രമിക്കുന്നത്.

കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴും പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. ക്ഷേമപെന്‍ഷന്‍ നല്‍കാനെന്ന വ്യാജേന ഇന്ധന സെസിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ റോഡുകളുടെയും പാലങ്ങളുടെയും ഉപയോഗത്തിനു കൂടി പണം ഈടാക്കുന്നത് അനുവദിക്കാനാകില്ല. അദ്ദേഹം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

STORY HIGHLIGHT: vd satheesan public protest against kiifb toll collection