ചൂട് കൂടി വരികയാണ്. അതുകൊണ്ട് തന്നെ തണുത്ത വിഭവങ്ങൾ കഴിക്കാൻ ആളുകൾക്ക് താൽപര്യം കാണും. ജ്യൂസിലും മറ്റും ഐസ് ചേർത്ത് കഴിക്കുന്നത് പലർക്കും ഇഷ്ടമണ്. എന്നാൽ ചിലർക്ക് ഫ്രീസറിൽ നിന്നെടുത്ത കട്ടിയുള്ള ഐസ് ക്യൂബുകൾ ചവച്ചരച്ച് കഴിക്കുന്നത് ഇഷ്ടമാണ്.
ഒരു വ്യക്തിക്ക് നിരന്തരമായി ഐസോ അല്ലെങ്കിൽ പോഷകമൂല്യമില്ലത്തതായ എന്തെങ്കിലും പാദർത്ഥങ്ങൾ കഴിക്കാൻ തോന്നുന്ന ഈ അവസ്ഥയെ ‘പഗോഫിയ’ (Pagophagia) എന്നാണ് പറയുന്നത്. പിക്ക എന്നും ഇത് അറിയപ്പെടുന്നു. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ കുറവോ അല്ലെങ്കിൽ വിളർച്ചയോ സൂചിപ്പിക്കുന്നു.
ശ്വാസകോശത്തിൽ നിന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യത്തിന് ഉത്പാദിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഇരുമ്പിൻ്റെ കുറവ് ഉണ്ടാകുന്നത്. ഇത്തരക്കാർക്ക് ഐസ് കഴിക്കുന്നത് ഒരു തൃപ്തി ഉണ്ടാക്കുന്നു. കൂടാതെ ഓർമ്മ, ഉണർവ്, പഠനം, തീരുമാനമെടുക്കൽ, മൾട്ടിടാസ്ക് ചെയ്യാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.
എന്നാൽ സ്ഥിരമായി ഐസ് ചവയ്ക്കുന്നതിലൂടെ പല്ലിൽ പൊട്ടൽ ഉണ്ടാകുന്നു. പല്ലിൻ്റെ ഇനാമലിന് കേടുപാടുകൾ, വർധിച്ച സംവേദനക്ഷമത എന്നിവയിലേക്കും നയിക്കുന്നു. ഐസ് പോലെയുള്ളവ കഴിക്കാൻ തക്കവണ്ണമല്ല പല്ലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാൽ ആവർത്തിച്ചുള്ള സമ്മർദ്ദം പല്ലുകൾക്ക് ദോഷകരമാണ്.
എല്ലായിപ്പോഴും ശരീരത്തിലെ ഇരുമ്പിൻ്റെ കുറവ് മൂലമായിരിക്കില്ല ഐസ് കഴിക്കാൻ തോന്നുക. ചിലർക്ക് അതൊരു രസകരമായ അനുഭവം ആയിരിക്കാം. ഇത് ശീലമാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഭക്ഷണത്തിലൂടെയും ആരോഗ്യവിദഗ്ധരുടെ നിർദ്ദേശപ്രകരം ചില സപ്ലിമെൻ്റുകൾ കഴിക്കുന്നതിലൂടെയും ഇരുമ്പിൻ്റെ കുറവ് പരിഹരിക്കാൻ സാധിക്കും. കൂടാതെ ഐസിന് പകരമായി അതേ സംവേദന ക്ഷമത നൽകുന്നു മറ്റെന്തെങ്കിലും ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് കാരറ്റ് അല്ലെങ്കിൽ പഞ്ചസാര ചേരാത്ത മിഠായി പോലെയുള്ളവ ഉപയോഗിച്ചു നോക്കൂ. അങ്ങനെ പതുക്കെ ആ ശീലം പൂർണ്ണമായി ഒഴിവാക്കുന്നതാണ് ഉചിതം. തുടർച്ചയായി ഐസിനോട് തോന്നുന്ന താൽപര്യം വിവിധ ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് ഡോ. പ്രതിക് തിബ്ദേവാൽ പറയുന്നു.