ജനപ്രിയമായ ഫലവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം എന്ന് പറയുന്നത്. പൊട്ടാസ്യം, വിറ്റാമിൻ ബി 6, ഫൈബർ തുടങ്ങിയ ഒട്ടേറെ പോഷകങ്ങളാൽ നിറഞ്ഞ വാഴപ്പഴം നിത്യവും കഴിക്കുന്നവരാണ് മലയാളികള്‍. എന്നാൽ വാഴപ്പഴത്തെ ചുറ്റിപ്പറ്റി ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്.
വാഴപ്പഴം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകും എന്നതാണ് അതിലൊന്ന്. ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ മുമ്പൊരിക്കൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ജലദോഷവും ചുമയും ഉണ്ടാകുന്നത് നമ്മുടെ ചുറ്റുമുള്ള വായുവിൽ അടങ്ങിയിരിക്കുന്ന വൈറസുകൾ കാരണമാണെന്നും അല്ലാതെ വാഴപ്പഴം മൂലമല്ലെന്നും അമിത പറഞ്ഞു. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ഉണ്ടാകുന്ന സീസണൽ രോഗങ്ങൾക്ക് വാഴപ്പഴത്തെ കുറ്റപ്പെടുത്തരുതെന്നും അവർ പറഞ്ഞു.
രോഗമുള്ള ഒരാളാണെങ്കിൽ, പ്രത്യേകിച്ച് ജലദോഷമുണ്ടെങ്കിൽ വാഴപ്പഴം മ്യൂക്കസ് ഉൽപാദനം വർധിപ്പിക്കും. എന്നാൽ, അവയല്ല രോഗത്തിന് കാരണം. ആസ്ത്മയോ അലർജിയോ ഉള്ള ആളുകൾക്ക് വാഴപ്പഴം കഴിച്ചതിന് ശേഷം ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. അതിന് വാഴപ്പഴത്തെ കുറ്റപ്പെടുത്താതെ പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ നിർദേശിച്ചു.
ജലദോഷവും ചുമയും അകറ്റാൻ പ്രകൃതിദത്തമായി നിരവധി ഭക്ഷണങ്ങൾ സഹായിക്കും. ഇതിനായി വെളുത്തുള്ളി, മഞ്ഞൾ, തുളസി, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങളിൽ അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വർഷം മുഴുവൻ, പ്രത്യേകിച്ച് ശൈത്യകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളാണിവ.