Health

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; വിളിച്ച് വരുത്തുന്നത് വലിയ പണി | stop reheating tea

ചായ വീണ്ടും ചൂടാക്കുന്നത് ഇരുമ്പിന്റെ കുറവിന് കാരണമാകാം

‘നമുക്കൊരു ചായ കുടിച്ചാലോ?’- ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടില്ലാത്ത മലയാളി എന്നല്ല, ഇന്ത്യക്കാരന്‍പോലും ഉണ്ടാകില്ല അല്ലേ ? കാരണം ചായ എന്ന് പറയുന്നത് ഒട്ടും മാറ്റി നിർത്താൻ പറ്റാത്ത ഒന്നായി പലർക്കും. തിളച്ച ചായ ഊതിയൂതി കുടിക്കാനാണ് പലർക്കും ഇഷ്ടം. തണുത്ത ചായ കുടിക്കാൻ ഒട്ടുമിക്കപേർക്കും മടിയാണ്. അതുകൊണ്ട് തന്നെ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവർ ധാരാളമാണ്. പക്ഷേ ഇത് ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

കുറച്ച് നാൾ മുൻപാണ് ആയുർവേദ കോച്ച് ഡിംപിൾ ജംഗ്‌ദ ചായ വീണ്ടും ചൂടാക്കുന്നതിന് മുമ്പ് എന്തുകൊണ്ട് രണ്ടുവട്ടം ചിന്തിക്കണം എന്നതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചു. ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.

ഇരുമ്പിന്റെ കുറവിന് കാരണമാകാം

ചായ വീണ്ടും ചൂടാക്കുന്നത് ഇരുമ്പിന്റെ കുറവിന് കാരണമാകാം. ചായയ്‌ക്ക് നിറവും സ്വാദും നൽകുന്ന ഒരു സംയുക്തമായ ടാന്നിൻസ് തേയില ഇലകളിൽ അടങ്ങിയിട്ടുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോൾ ടാന്നിൻസുകളുടെ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു. മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ടാന്നിൻസ് ബാധിക്കുന്നു. ഇരുമ്പിന്റെ ആഗിരണം ഏകദേശം 30-40% കുറയ്ക്കുമെന്നും ഇത് ഇരുമ്പിന്റെ കുറവിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു.

അസിഡിറ്റിയും വയർ സംബന്ധമായ പ്രശ്നങ്ങളും

ചായ വീണ്ടും ചൂടാക്കുന്നത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും. തേയില ഇലകൾ അമിതമായി വേവിക്കുമ്പോൾ, അവ അസിഡിറ്റി സ്വഭാവമുള്ളതായി മാറുന്നു. ഈ അസിഡിക് സംയുക്തം നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും.

നിർജലീകരണം

ചായ വീണ്ടും ചൂടാക്കുന്നത് നിർജലീകരണത്തിന് കാരണമാകും. കാരണം, ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, അമിതമായി വേവിക്കുമ്പോൾ കഫീന്റെ സാന്ദ്രത വർധിക്കുന്നു.

ചായ എപ്പോഴും തയ്യാറാക്കിയ ഉടൻ കുടിക്കുക. ഒരിക്കലും വീണ്ടും ചൂടാക്കി കുടിക്കാതിരിക്കുക. ചായ തയ്യാറാക്കുമ്പോൾ 3-5 മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുതെന്നും ഡിംപിൾ ജംഗ്‌ദ പറഞ്ഞു. പാൽ ചേർത്ത ചായയ്ക്ക് പകരം ചമോമൈൽ ടീ, ഹിബിസ്കസ് ടീ, ഗ്രീൻ ടീ പോലുള്ള ഹെർബൽ ചായകൾ പരിഗണിക്കാനും അവർ നിർദേശിച്ചു.