ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെ കേസെടുത്തു ഹരിയാന പോലീസ്. യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന കേജ്‌രിവാളിന്റെ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്.
കലാപത്തിന് പ്രേരിപ്പിച്ചു, വിദ്വേഷം പടർത്തി, മനഃപൂർവം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങളാണു ജഗ്‌മോഹൻ മൻചൻഡ എന്നയാളുടെ പരാതിയിൽ കേജ്‌രിവാളിനെതിരെ ചുമത്തിയിരിക്കുന്നത്. കുരുക്ഷേത്രയിലെ ഷഹാബാദ് പോലീസ് സ്റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേജ്‌രിവാളിനോട് വിശദീകരണം തേടിയിരുന്നു. ജലശുദ്ധീകരണ പ്ലാന്റുകൾക്കു പൂർണശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ യമുനയിലെ അമോണിയ അളവ് ഉയർന്നെന്നു ഡൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കേജ്‌രിവാൾ കമ്മിഷനു നൽകിയ മറുപടിയിൽ പറഞ്ഞു. പരാമർശത്തെ തുടർന്ന് ഹരിയാന കോടതി കേജ്‌രിവാളിന് സമൻസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. 17ന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
STORY HIGHLIGHT: haryana police took case against arvind kejriwal