India

ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

ഡല്‍ഹി: 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. 1.56 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടർച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാർട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം ആവർത്തിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങൾ തന്നെയായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രചാരണ ആയുധം. യമുനയിൽ ബിജെപി വിഷം കലർത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങൾ കെജ്‌രിവാൾ ഉയർത്തി.

മദ്യനയ അഴിമതി, കെജ്‌രിവാളിന്‍റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തുകയും, കൂടുതൽ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും ആണ് കോൺഗ്രസും ബിജെപിയും ആം ആദ്മി പാർട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മുന്നോട്ടുപോയത്.