തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് കുറവാണെന്ന് കണക്കുകൾ പുറത്തു വിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. 29 സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത പട്ടികയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയത്. ഇത് പ്രകാരം ഗാർഹിക വൈദ്യുതി നിരക്കുകൾ കേരളത്തിൽ കുറവാണ്–1.50 രൂപയാണ് ഒരു യൂണിറ്റിന് ഈടാക്കുന്നത്. പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കാണിത്.
പ്രതിമാസം 100 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപയോക്താക്കളുടെ കാര്യത്തിൽ വലിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ 21 സംസ്ഥാനങ്ങളിലേക്കാൾ കേരളത്തിൽ നിരക്ക് കുറവാണ് (യൂണിറ്റിന് 4.57 രൂപ). പ്രതിമാസം 400 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന വൻകിട ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ മാത്രമാണ് കേരളം പട്ടികയിൽ അൽപം പിന്നിലുള്ളത്. ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ തന്നെയാണ് കുറവെങ്കിലും വലിയ കടകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് കേരളത്തിൽ നിരക്ക് കൂടുതലാണ്.