Kerala

വന്യജീവി ആക്രമണം തടയൽ: വനാതിർത്തികളിൽ കാടുതെളിക്കൽ നടത്തുമെന്ന് മന്ത്രി ശശീന്ദ്രൻ

കട്ടപ്പന: വന്യജീവി ആക്രമണങ്ങൾ തടയാൻ, കാടും നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അതതു സ്ഥലത്തെ സാഹചര്യങ്ങൾ പരിഗണിച്ചു യോജ്യമായ വീതിയിൽ കാടുതെളിക്കൽ (വിസ്ത ക്ലിയറൻസ്) നടത്തുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. 100 മീറ്റർ വരെ വിസ്ത ക്ലിയറൻസ് വേണമെന്ന കർഷകരുടെ ആവശ്യത്തോടു പ്രതികരിക്കുകായിരുന്നു അദ്ദേഹം.

കാടും നാടും ചേരുന്ന പ്രദേശങ്ങളിൽ വൃക്ഷങ്ങളും അടിക്കാടും വെട്ടിത്തെളിച്ചു സൂക്ഷിക്കുന്ന രീതിയാണു വിസ്ത ക്ലിയറൻസ്. ഇങ്ങനെ കാടുതെളിച്ച ഭാഗത്തുകൂടി കടന്നുവരാൻ വന്യമൃഗങ്ങൾ മടിക്കുമെന്നതിനാൽ ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യം 70% ശതമാനം വരെ കുറയുമെന്നു കർഷകരും സംഘടനകളും ചൂണ്ടിക്കാട്ടിയപ്പോഴാണു മന്ത്രി പ്രഖ്യാപനം നടത്തിയത്. ‌വനവിസ്തൃതി വർധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്നും കാലഹരണപ്പെട്ട വനനിയമങ്ങൾ പരിഷ്കരിക്കണമെന്നാണു സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. വനസംരക്ഷണത്തിനായുള്ള കേന്ദ്രഫണ്ട് തരംതിരിച്ച് അനുവദിക്കണമെന്നും നഷ്ടപരിഹാരം നൽകാനുള്ള തുക പ്രത്യേകമായി ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.